തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. തനിക്ക് ജീവനിൽ ഭീഷണിയുണ്ടെന്ന് യദു പറഞ്ഞു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞിനെ സംരക്ഷിച്ചു കൊള്ളണമെന്നും യദു അറിയിച്ചു. ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ലെന്നും മോശം ആയി പെരുമാറിയത് മേയറാണെന്നും യദു മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു സാധാരണക്കാരനായതിനാലാണ് തന്റെ പരാതി സ്വീകരിക്കാത്തതെന്ന് ഇദ്ദേഹം ആരോപിച്ചു. മേയർക്കെതിരേ നടപടിയെടുക്കാൻ സാധിക്കില്ലന്ന് പോലീസ് പറഞ്ഞെന്നും യദു വ്യക്തമാക്കി.
താൽക്കാലിക ജോലിക്കാരനായതിനാലാണ് അന്വേഷണം എന്നൊക്കെ പറഞ്ഞ് ഇത് മുന്നോട്ട് കൊണ്ടുപോകുന്നത്. സ്ഥിര ജോലിക്കാരനാണെങ്കിൽ സംഭവം നടന്ന് മിനിട്ടുകൾക്ക് മുന്‍പേ തന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടേനെയെന്നും യദു കൂട്ടിച്ചേർത്തു.
വീഡിയോയിൽ വ്യക്തമായി താൻ എന്താണ് പറഞ്ഞതെന്നു കേൾക്കാൻ സാധിക്കും. മാനസികമായി തന്നെ തളർത്തുന്നതിനാണ് ഇവർ ശ്രമിക്കുന്നത്. ഇല്ലാത്ത കേസുകളെല്ലാം തന്റെ പേരിൽ കെട്ടിച്ചമയ്ക്കുന്നുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. പെണ്ണ് കേസ് വരെയാണ് ഇപ്പോൾ തനിക്കെതിരേ തൊടുത്ത് വിടുന്നത്. സമൂഹത്തിന്റെ മുന്നിൽ നാണംകെടുത്തിയതിനെതിരേ നിയമപരമായി മുന്നോട്ട് പോകും. നീതി ലഭിക്കുന്നതിനായി ഏതറ്റംവരെ പോകുമെന്നും യദു പറഞ്ഞു.