കൊച്ചി: ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയില്‍ ഇറക്കി വിടാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോ റിപ്പോര്‍ട്ട് തേടി.
ഡ്രൈവര്‍ രവീന്ദ്രന്, കണ്ടക്ടര്‍ അനില്‍ എന്നിവര്‍ക്കെതിരേ കെഎസ്ആര്‍ടിസി എറണാകുളം സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്. റിപ്പോര്‍ട്ട് ലഭ്യമായതിനുശേഷം ഇവരില്‍നിന്ന് വിശദീകരണം തേടും.
ചെമ്പകശേരി ഞാറക്കാട്ടില്‍ എന്‍.എ. അഷ്റഫിന്റെ പരാതിയിലാണ് നടപടി. രണ്ടിന് രാത്രി പത്തിന് കളമശേരി അപ്പോളോ ജംക്ഷനില്‍നിന്നു തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറിയ അഷ്റഫ് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കാണ് ടിക്കറ്റെടുത്തത്.
എന്നാല്‍, സ്റ്റാന്‍ഡിലേക്കു ബസ് പോയില്ല. പകരം ദേശീയപാതയില്‍ പുളിഞ്ചോട് ജംക്ഷനില്‍ ഇറങ്ങാനായിരുന്നു കണ്ടക്ടറുടെ നിര്‍ദേശം.
സ്റ്റാന്‍ഡില്‍ അല്ലാതെ താന്‍ ഇറങ്ങില്ലെന്നു പറഞ്ഞ അഷ്റഫുമായി ബസ് യാത്ര തുടര്‍ന്നു. അങ്കമാലി ഡിപ്പോയില്‍ എത്തിയപ്പോള്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാരെത്തി അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇറക്കിവിടാന്‍ ശ്രമിച്ചുവെങ്കിലും അഷ്റഫ് വഴങ്ങിയില്ല.
തുടര്‍ന്ന് ട്രിപ്പ് മുടക്കി യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി വിട്ട ശേഷം ബസ് 16 കിലോ മീറ്റര്‍ തിരികെ ഓടിച്ചാണ് രാത്രി 1.30 ന് അഷ്റഫിനെ ആലുവ സ്റ്റാന്‍ഡില്‍ എത്തിച്ചത്.