പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: പത്ത് വർഷത്തിനുശേഷം ശമ്പള പരിഷ്കരണം നടപ്പാക്കിയ കെഎസ്ആർടിസിയിൽ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും കളമൊരുങ്ങുന്നു.
2018-ലാണ് അവസാനമായി ജീവനക്കാർക്ക് സ്ഥാനക്കയറ്റം അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെന്ന കാരണത്താൽ അഞ്ചു വർഷമായി സ്ഥാനക്കയറ്റം നിർത്തി വച്ചിരിക്കയായിരുന്നു.
2022 ജനുവരി 13 -ന് അംഗീകൃത തൊഴിലാളി സംഘടന പ്രതിനിധികളുമായുണ്ടാക്കിയ സേവന-വേതന കരാറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്ഥാനകയറ്റം നടപ്പാക്കുന്നത്.
ഓപ്പറേറ്റിംഗ് വിഭാഗത്തിൽപ്പെട്ട ഡ്രൈവർ, സ്റ്റേഷൻ മാസ്റ്റർ, ഇൻസ്പെക്ടർ , വർക്ക് ഷോപ്പിലെ മെക്കാനിക്കുകൾ, ഓഫീസുകളിലെസ്പെഷ്യൽ അസിസ്റ്റന്റു മാർ തുടങ്ങിയ വിഭാഗം ജീവനക്കാരുടെ സ്ഥാനകയറ്റ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.
ഈ സീനിയോറിറ്റി പട്ടികയെക്കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും 24 – ന് മുമ്പ് ബോധിപ്പിക്കാനും ജീവനക്കാർക്ക് അവസരമുണ്ട്.
73 സെലക്ഷൻ ഗ്രേഡ് മെക്കാനിക്കുകൾക്ക് (ആട്ടോ ) ചാർജ് മാൻമാരായി പ്രമോഷൻ നല്കുകയും 42 ചാർജു മാൻമാരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
ടയർ വിഭാഗത്തിൽപ്പെട്ട രണ്ടു മെക്കാനിക്കു കൾക്ക് സ്ഥാനകയറ്റവും 12 പേർക്ക് സ്ഥലം മാറ്റവും ബ്ലാക്ക് സ്മിത്ത് വിഭാഗത്തിൽപ്പെട്ട 6 പേർക്ക് സ്ഥാനക്കയറ്റവും 17 പേർക്ക് സ്ഥലം മാറ്റവും നല്കി കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി.
സൂപ്രണ്ടുമാരായി സ്ഥാനകയറ്റത്തിന് 122 സ്പെഷ്യൽ അസിസ്റ്റന്റുമാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഹെഡ് വെഹിക്കിൾ സൂപ്പർ തസ്തികയിലേയ്ക്ക് 27 പേരുടെയും സ്പെഷ്യൽ ഗ്രേഡ് ഡ്രൈവർമാരിൽ 198 പേരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്.
ഇൻസ്പെക്ടർമാരായി സ്ഥാനകയറ്റത്തിന് സ്റ്റേഷൻ മാസ്റ്റർമാരുടെയും സ്റ്റേഷൻ മാസ്റ്ററായി സ്ഥാനകയറ്റത്തിന് കണ്ടക്ടർമാരുടെയും സീനിയോറിറ്റി പട്ടികയും ഉടൻ പ്രസിദ്ധീകരിക്കും.