കൽപ്പറ്റ: ലോക്ക്ഡൗണ്‍ സാഹചര്യത്തിൽ കുടക് ജില്ലയിൽ അകപ്പെട്ട ഇഞ്ചി കർഷകരെ തിരികെ എത്തിക്കുന്നതിനായി പാസ്സ് അനുവദിക്കുന്നതിനായി നടപടി സ്വീകരിച്ചുവരുന്നതായി സബ് കളക്ടർ വികൽപ് ഭരദ്വാജ് അറിയിച്ചു.
300 പേരാണ് പാസ്സിന് അപേക്ഷ നൽകിയത്. ഇതിൽ സ്വന്തമായി വാഹനമുള്ള 50 പേർക്ക് അവരുടെ വാഹനങ്ങളിൽ തന്നെ ജില്ലയിലേക്ക് തിരികെ എത്താവുന്നതാണ്. വാഹനമില്ലാത്ത 250 പേരെ തിരികെ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.
ജില്ലാ കളക്ടറുടെ പാസ്സ് ലഭ്യമാവുന്നതിന് മുന്‍പ് ആരും യാത്ര പുറപ്പെടാൻ പാടില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങാൻ അപേക്ഷ സമർപ്പിച്ചവരെ പരിശോധിക്കുന്നതിനും മറ്റുമായി മുത്തങ്ങ ചെക്പോസ്റ്റിൽ ആവശ്യമായ സംവിധാനം ഒരുക്കി വരികയാണ്.
അതിർത്തി ചെക്പോസ്റ്റിൽ താത്കാലിക മിനി ആരോഗ്യ കേന്ദ്രം
അന്യ സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളെ സംസ്ഥാനത്തേക്ക് കൊണ്ടു വരുന്പോൾ പരിശോധനകൾ നടത്തുന്നതിനായി അതിർത്തി ചെക്പോസ്റ്റുകളായ മുത്തങ്ങയിലും താളൂരിലും മിനി ആരോഗ്യ കേന്ദ്രം നിർമിക്കുന്നു. ജില്ലാ നിർമിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിർമാണ പ്രവർത്തികൾ തുടങ്ങി.
ചെക്പോസ്റ്റിൽ എത്തുന്നവരുടെ രജിസ്ട്രേഷൻ, ആരോഗ്യ പരിശോധന, സ്രവം എടുക്കുന്നതിനുള്ള മുറി, നിരീക്ഷണ വാർഡ്, ഒ.പി കൗണ്ടർ, നഴ്സിംഗ് റൂം, ഫാർമസി, വിശ്രമ സൗകര്യം, ടോയ്ലറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് താത്കാലിക മിനി ആരോഗ്യ കേന്ദ്രം. പാസുകൾ അനുവദിക്കുന്നതിനുള്ള ഓഫീസ് സൗകര്യവും ഇവിടങ്ങളിൽ ഉണ്ടാവും.