കാട്ടാക്കട : കുടിവെള്ള പൈപ്പിലൂടെ കറുത്ത വെള്ളം വന്നത് പരിഭ്രാന്തിപരത്തി. പൂവച്ചൽ പഞ്ചായത്തിലെ കുഴിയംകോണം,പേഴുംമൂട്,ആലമുക്ക് പ്രദേശങ്ങളിലെ പൈപ്പുകളിലൂടെയാണ് ഇന്നലെ രാവിലെ മുതൽ കറുത്ത നിറത്തിലുള്ള വെള്ളമെത്തിയത്.
വീട്ടിലെ ജലസംഭരണിയിലെ പ്രശ്നമായിരിക്കുമെന്ന് കരുതി പലരും ജലസംഭരണി ശുചീകരിച്ചിട്ടും അവസ്ഥക്ക് മാറ്റം ഉണ്ടായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടിവെള്ള പൈപ്പിലൂടെ കറുത്ത വെള്ളം വരുന്നത് കണ്ടെത്തിയത്.
തുടർന്ന് ജല വകുപ്പ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും പന്നിയോട്ടെ പമ്പിംഗ് സ്റ്റേഷനിലെ ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് ജലം മലിനമായതെന്നും തങ്ങൾക്കു ഇതിലൊന്നും ചെയ്യാനില്ല എന്നും വെള്ളം തുറന്നു വിട്ടു പരിഹാരം കണ്ടാൽ മതിയെന്നും നിർദേശം നൽകി.
ഇതനുസരിച്ചു ഉപഭോക്താക്കൾ ടാങ്ക് കണക്കിന് വെള്ളം തുറന്നു വിട്ടു എങ്കിലും രാത്രി വൈകിയും ജലത്തിന് നിറവ്യത്യാസം ഉണ്ടായില്ല. പമ്പ് ഹൗസിൽ ശുചീകരണം ശരിയായ രീതിയിൽ നടത്താത്തതാണ് മലിനജലം കിട്ടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.