‘ചങ്ങനാശേരി: തൃക്കൊടിത്താനം അമരയിൽ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയശേഷം മകൻ ഹോട്ടലിൽനിന്നും വാങ്ങിവച്ച ബിരിയാണിയും മദ്യവും കഴിച്ചു. തലയ്ക്ക് വെട്ടേറ്റു രക്തം വാർന്നൊഴുകി മരിച്ചു കിടന്ന അമ്മയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി.
അമ്മയെ ഞാൻ കൊന്നെന്ന് വോയിസ് ക്ലിപ്പും ചേർത്ത് ബന്ധുക്കളുടേയും അയൽവാസികളുടേയും വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. വീടിനടുത്തു താമസിക്കുന്ന അമ്മയുടെ സഹോദരനേയും വിവരം ഫോണിൽ വിളിച്ചറിയിച്ചു.
അമ്മ കുഞ്ഞന്നാമ്മ(55)യെ കൊലപ്പെടുത്തിയ മകൻ നിധിൻ ബാബു തോമസ്(27)ആണ് കൊലപാതക വിവരം പോലീസിനോട്് വെളിപ്പെടുത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. കുഞ്ഞന്നാമ്മയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി ആംബുലൻസിൽ കയറ്റിയശേഷമാണ് നിധിനെ തെളിവെടുപ്പിനായി പോലീസ് വെങ്കോട്ടക്കു സമീപമുള്ള ഇവരുടെ വീട്ടിലെത്തിച്ചത്.
അമ്മയെ കറിക്കത്തി കൊണ്ട് പലതവണ തലക്കുവെട്ടി കൊലപ്പെടുത്തിയ സംഭവവും നിധിൻ പോലീസിനു മുന്പാകെ വിവരിച്ചപ്പോൾ കേട്ടുനിന്ന പോലീസ് സംഘം സ്തബ്ദരായി. രക്തം വാർന്നൊഴുകി കിടന്ന മുറിയിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.
തൃക്കൊടിത്താനം പഞ്ചായത്തിലെ അമര കന്യാക്കോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ (55)ആണ് മകൻ നിധിന്റെ വെട്ടേറ്റ് മരിച്ചത്. സംഭവം നടന്ന ശനിയാഴ്ച വീട്ടിൽനിന്നും നിധിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്ക് തന്നോട് സ്നേഹമുണ്ടായിരുന്നില്ല.
താൻ വീട്ടിൽവരുന്നത് അമ്മ ഇഷ്ടപ്പെട്ടിരുന്നില്ല. കൈയ്യിൽ കിട്ടുന്നതൊക്കെവച്ച് തന്നെ തല്ലിയിരുന്നു. ഹോട്ടലിൽ നിന്നും ബിരിയാണി വാങ്ങിക്കൊണ്ടുവന്നത് അമ്മക്ക് ഇഷ്ടപ്പെടാതിരുന്നതുമൂലം സംഭവദിവസം രാത്രി തന്നെ വഴക്കുപറയുകയും തല്ലുകയും ചെയ്തു.
തുടർന്ന് തർക്കമുണ്ടാകുകയും പിടിവലി ഉണ്ടാകുകയും അടുക്കളയിൽ നിന്നും കറിക്കത്തിയെടുത്ത് അമ്മയുടെ കഴുത്തിലും തലയിലും തുരുതുരാ വെട്ടിയതായും നിധിൻ പോലീസിനു മൊഴി നൽകി. വീട്ടുകാര്യങ്ങൾ തന്നോടു പറയാതെ മറച്ചുവയ്ക്കുന്നു.
ഇഷ്ടമുള്ള ആഹാരം ഉണ്ടാക്കി നൽകാറില്ല. ടിവി കാണുന്നതിൽ അമ്മക്ക് എതിർപ്പാണ്. തന്നോടു വാങ്ങിയ പണം തിരിച്ചു തന്നില്ല. ഇതും നിധിൻ പോലീസിനു നൽകിയ മൊഴികളാണ്. അമ്മയെ താനാണ് കൊന്നതെന്ന് പോലീസിനോടു കുറ്റംസമ്മതിക്കുകയും കൃത്യത്തിനുപയോഗിച്ച കറിക്കത്തി പോലീസിനു കാട്ടിക്കൊടുക്കുകയും ചെയ്തത് നിധിനാണ്.
നിധിൻ കഴിഞ്ഞ ഫെബ്രുവരി 15നാണ് വിദേശത്തുനിന്നും നാട്ടിലെത്തിയത്. അമ്മയും മകനുമായി സ്ഥിരമായി വഴക്കുകൂടിയിരുന്നതായും പോലീസ് പറഞ്ഞു.
കോട്ടയം ജില്ലാ പോലീസ് ചീഫ് ജി.ജയദേവിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണ, എസ്ഐ ആർ. രാജേഷ്, സീനിയർ സിപിഒമാരായ ഡെന്നി ചെറിയാൻ, രാജീവ്ദാസ്, വിമല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കുടുംബത്തകർച്ചയും കലഹവും
ചങ്ങനാശേരി: മല്ലപ്പള്ളി ചെങ്ങരൂർ വാക്കയിൽ ബാബുവായിരുന്നു കൊല്ലപ്പെട്ട കുഞ്ഞന്നാമ്മയുടെ ഭർത്താവ്. കുഞ്ഞന്നാമ്മക്ക് പിതാവ് അമര കന്യാക്കോണിൽ കെ.വി.പോത്തൻ അമരയിൽ ഒരേക്കർ കുടുംബവീതം നൽകിയാണ് വിവാഹം നടത്തിയത്.
ഇവിടെ വീടുവച്ചു താമസിക്കുന്നതിനിടെ ഭർത്താവ് ബാബുവും കുഞ്ഞന്നാമ്മയുമായി അഭിപ്രായ ഭിന്നതയുണ്ടാകുകയും വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു. ബാബു മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് മല്ലപ്പള്ളി ചെങ്ങരൂരിൽ താമസമാക്കുകയും ചെയ്തു. ബാബുവിന്റേയും കുഞ്ഞന്നാമ്മയുടേയും മക്കളായ ജിതിനും നിധിനും ബാബുവിനൊപ്പം മല്ലപ്പള്ളിയിലാണ് താമസിച്ചിരുന്നത്.
ഈസമയം കുഞ്ഞന്നാമ്മ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഏതാനും വർഷങ്ങൾക്കുമുന്പ് ബാബു മരിച്ചു. തുടർന്ന് രണ്ടുമക്കളും കുഞ്ഞന്നാമ്മക്കൊപ്പമെത്തി. കുഞ്ഞന്നാമ്മയും മക്കളും തമ്മിലും നല്ല ചേർച്ചയിലായിരുന്നില്ലെന്നും തർക്കങ്ങളും പിണക്കും നിലനിന്നിരുന്നതായും പോലീസ് പറഞ്ഞു.
മൂന്ന് വർഷങ്ങൾക്കുമുന്പ് ജിതിനും നിധിനും വിദേശത്തു ജോലിക്കുപോയി. കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്ത നിധിനെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും.