വെള്ളാങ്കല്ലൂർ: മൂന്നു ദിവസമായി നാട്ടിൽ അക്രമവാസനയോടെ അലഞ്ഞുതിരിഞ്ഞ കുറുക്കനെ വനം വകുപ്പിന്റെ മൊബൈൽ സ്ക്വാഡിന്റെ സഹായത്തോടെ കൂട്ടിലാക്കി.
വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ കോണത്തുകുന്ന് പ്രദേശത്താണു കഴിഞ്ഞ ദിവസങ്ങളിൽ പൊതുജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും കുറുക്കൻ ഭീഷണിയായത്.
പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷിന്റെ നിർദേശത്തെത്തുടർന്ന് വനം വകുപ്പിന്റെ ചാലക്കുടി മൊബൈൽ സ്ക്വാഡിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.സി. ലിജേഷ്, റസ്ക്യു ഓഫീസർമാരായ ബിബീഷ്, നിഷിൽ എന്നിവർ സ്ഥലത്തെത്തി കുറുനരിയെ പോൾ ട്രാപ്പ് സംവിധാനമുപയോഗിച്ചു കൂട്ടിലാക്കുകയായിരുന്നു.
വെള്ളാങ്കല്ലൂർ സീനിയർ വെറ്ററിനറി സർജൻ ഡോ. ബി. അജിത് ബാബു കുറുക്കന്റെ ആരോഗ്യപരിശോധന നടത്തി.ആക്രമണ വാസനയും പേവിഷ സമാന ലക്ഷണങ്ങളും കാണിക്കുന്നതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ആവശ്യമായ മേൽനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.