പാലാ: കുടക്കച്ചിറ ഹൈസ്കൂള്‍ ജംഗ്ഷനില്‍ പട്ടാപ്പകല്‍ പാഞ്ഞെത്തിയ കുറുക്കന്റെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. ജംഗ്ഷനിലെ വ്യാപാരികൂടിയായ മുല്ലമംഗലത്ത് അരുണിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചസമയത്ത് പാഞ്ഞെടുത്ത കുറുക്കന് ജംഗ്ഷനിലൂടെ നടന്നു പോവുകയായിരുന്ന അരുണിനെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.
ആദ്യം കൈയ്ക്ക് കടിയേറ്റു. തുടർന്ന് ഓടിയ അരുണിനു പിന്നാലെ കുറുക്കൻ വീണ്ടും പാഞ്ഞടുത്തു. കടിയേല്‍ക്കാതിരിക്കാൻ കൈയില്‍ കിട്ടിയ വടി ഉപയോഗിച്ച് അരുൺ പ്രതിരോധിക്കുകയായിരുന്നു. സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലും ജംഗ്ഷനിലുമുള്ളവര് ഓടി മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.അടിയേറ്റു വീണ കുറുക്കന് കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ചാവുകയും ചെയ്തു.
പരിക്കേറ്റ അരുണിനെ ആദ്യം ഉഴവൂര്‍ ഗവ. ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏറെനാള്‍ മുമ്പ് അടുത്ത പ്രദേശമായ ചക്കാമ്പുഴയിലും കുറുക്കന്റെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മുള്ളന്‍പന്നി ഉള്‍പ്പെടെയുള്ള മറ്റ് വന്യജീവികളും ഈ മേഖലയില്‍ പെരുകിയിട്ടുണ്ട്.