വയനാട്: കുറുക്കന്മൂലയില് കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച നാട്ടുകാരെ ആക്രമിക്കാന്‍ കത്തിയെടുക്കാൻ ശ്രമിച്ച വനവകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്. കടുവ ട്രക്കിംഗ് ടീമിലെ ഹുസൈന് കല്‍പ്പൂരിനെതിരെയാണ് കേസ്.
കടുവയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞിട്ടും പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി. ഇതിനിടെയാണ് അരയിൽ കരുതിയ കത്തി ഇയാൾ വലിച്ചൂരാൻ ശ്രമിച്ചത്. സംഭവം കണ്ട സഹപ്രവർത്തകനാണ് ഹുസൈനെ പിന്തിരിപ്പിച്ചത്.
കത്തിയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാപ്പ് പറയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നേരത്തെ, വനംവകുപ്പ് ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായ മാനന്തവാടി നഗരസഭാ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ അഞ്ചോളം വകുപ്പുകൾ ഉൾപ്പെടുത്തി പോലീസ് കേസെടുത്തിരുന്നു.
കൃത്യനിർവഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, കൈ കൊണ്ടുള്ള മർദനം, അന്യായമായി തടഞ്ഞുവയ്ക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് നടപടി.
വെള്ളിയാഴ്ച കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമായാണ് വിപിൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്. കടുവയെ പിടികൂടാൻ ഉദ്യോഗസ്ഥർ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.