സ്വന്തം ലേഖകൻ
തൃശൂർ: കുതിരാൻ തുരങ്കപ്പാതയിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം നടത്തിയ അവസാന പരിശോധന പൂർത്തിയായി. കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറന്നുകൊടുക്കുന്നതിനു മുന്നോടിയായാണ് ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ തുരങ്കത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അന്തിമഘട്ട പരിശോധന നടത്തിയത്. ഇന്നു സർട്ടിഫിക്കറ്റ് നൽകുമെന്നു ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.
തുരങ്കപ്പാതയിലെ ഫയർ സിസ്റ്റത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നു ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. ഓരോ 50 മീറ്റർ ഇടവിട്ട് തുരങ്കപ്പാതയിൽ 21 ഫയർ ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിച്ചു. ഒരു ഡീസൽ പന്പും രണ്ട് ഇലക്ട്രിക്കൽ പന്പുകളും ഇവിടെയുണ്ട്.
ഇത് ഉപയോഗിച്ചാണ് ശക്തമായി വെള്ളം പന്പുചെയ്ത് സുരക്ഷാ പരിശോധന നടത്തിയത്. രണ്ടു ലക്ഷം ലിറ്ററിന്റെ വെള്ള ടാങ്ക് തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 10 ജെറ്റ് ഫാനുകളുമുണ്ട്. അപകടമുണ്ടായാൽ അഗ്നിരക്ഷാസേന വരുന്നതിനു മുൻപുതന്നെ സുരക്ഷാ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.
തുരങ്കപ്പാതയുടെ പല സ്ഥലങ്ങളിലും ഹോസ് റീലുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഫയർ ആൻഡ് സേഫ്റ്റി വിഭാഗം നിർദേശിച്ച എല്ലാ സുരക്ഷാമാനദണ്ഡങ്ങളും തുരങ്ക നിർമാണ കന്പനി പൂർത്തിയാക്കിയതിനെതുടർന്നാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്നു ഫയർ ആൻഡ് സേഫ്റ്റി വിഭാഗം അറിയിച്ചു.
പാലക്കാട് ഫയർ ആൻഡ് റസ്ക്യൂ ഡിവിഷൻ ഓഫീസർ സുജിത് കുമാർ, ജില്ലാ ഫയർ ഓഫീസർ അരുണ്‍ ഭാസ്കർ, തൃശൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രഘുനാഥൻ നായർ എന്നിവർ ചേർന്നാണ് അവസാനഘട്ട പരിശോധന നടത്തിയത്.