കാട്ടാക്കട : കോവിഡ് കാലത്ത് പൊറുതിമുട്ടി ഈറ്റതൊഴിലാളികൾ. പണിയും ഇല്ല, ഈറ്റ എന്ന അസംസ്കൃത വസ്തു കിട്ടാനുമില്ല എന്ന അവസ്ഥയാണ്. നെൽകൃഷി സമ്പന്നമായിരുന്ന കാലത്ത് നെല്ല് ഉണക്കാൻ പനമ്പും വലിയ വട്ടികളും മുറവും വേണമായിരുന്നു. എന്നാൽ കൃഷി പോയതോടെ ഇതിനും ആൾക്കാർ കുറവായി.
പിന്നെ പ്ലാസ്റ്റിക്ക് സംസ്കാരം വേരു പിടിച്ചതോടെ ഈറ ഉൽപ്പന്നങ്ങൾ ആർക്കും വേണ്ടതായി. പന, ഈറ എന്നിവയിൽ നിന്നു മുറം, അരുവട്ടി, പായ, കടവം, തൊപ്പി, കരകൗശല വസ്തുക്കൾ എന്നിവ നിർമ്മിച്ച് വിപണനം നടത്തിയിരുന്ന കുടിൽ വ്യവസായ സംരംഭങ്ങളാണ് പ്രതിസന്ധിയിലായത്.
കോവിഡ് കാലത്ത് ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളില്ലാതെയായതോടെ തൊഴിലാളികളുടെ വീടുകളിൽ ശനിദശ.ഈറ്റകാടുകളുടെ നശീകരണമാണ് പരാമ്പരാഗതമായി ഈ തൊഴിൽ ചെയ്യുന്നവർ അനുഭവിക്കുന്ന ദൈന്യത. എന്നാൽ വനത്തിൽ നിന്നും യഥേഷ്ടം കിട്ടികൊണ്ടിരുന്ന ഈറ്റ ഇപ്പോൾ കിട്ടാക്കനിയാണ്.
കാട്ടിൽ സമ്പന്നമായിരുന്ന ഈറ്റക്കാടുകൾ മിക്കതും നശിച്ചു. വനം വകുപ്പ് വർഷാവർഷം ഈറ്റകാടുകൾ നിർമ്മിക്കുന്നതും ഉള്ളവ പരിപാലിക്കുന്നതും പതിവായിരുന്നു. എന്നാൽ ആ പരിപാടി അവർ നിറുത്തിയതോടെ ഈറ്റ കാടുകളും ഇല്ലാതെയായി.
കാട്ടിൽ നിന്നും ഈറ്റ വെട്ടി തലചുമടിന് കിലോമീറ്റർ താണ്ടി പുറം നാട്ടിൽ എത്തിച്ച് അവ വീടുകളിൽ കൊണ്ടുചെന്നതിന് ശേഷം അവ ഉൽപ്പന്നമായി മാറുമ്പോഴാണ് പണമാകുന്നത്. വന്യമൃഗങ്ങളോട് പൊരുതി കാട്ടിൽ നിന്നും ഈറ്റ നാട്ടിൽ എത്തിക്കുന്ന തൊഴിലാളികൾക്ക് കിട്ടുന്ന പണമോ ഒന്നിനും തികയാത്ത അവസ്ഥ.
അതിനിടയ്ക്കാണ് ഈറ്റ ക്ഷാമവും. കോവിഡ് കാലമായതിനാൽ വനത്തിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഇപ്പോൾ കിട്ടുന്നത് സംസ്ഥാന ബാംബൂ കോർപ്പറേഷൻ വഴി വിതരണം ചെയ്യുന്ന ഈറ്റയാണ്. അതിന് നല്ല വില നൽകണം. മാത്രമല്ല ഈറ്റ വിതരണം നടക്കുന്നത് വല്ലപ്പോഴുമാണ്.
ഇതു കൊണ്ട് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ കോർപ്പറേഷന് തന്നെ നൽകണം. എന്നാൽ അതിന്റെ പണമോ കിട്ടുന്നത് മാസങ്ങൾ കഴിഞ്ഞാണ്. അതിനാൽ പട്ടിണി തന്നെയാണ് ശരണം. ഇപ്പോൾ ഈറ്റ ഉൽപ്പന്നങ്ങളോട് ആൾക്കാർക്ക് നല്ല ആഭിമുഖ്യം വന്നിട്ടുണ്ട്. എന്നാൽ ഡിമാന്റിന് അനുസരിച്ച് ഉൽപ്പന്നങ്ങൾ നൽകാൻ കഴിയുന്നില്ല.
ബാംബുകോർപ്പറേഷനാകട്ടെ അതിനനുസരിച്ച് ഈറ്റ എത്തിക്കുന്നുമില്ല. തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ മേഖലയിലെ തൊഴിലാളികൾ.സ്ത്രീകളുടെ വരുമാന മാർഗമായി മാറിയിരുന്ന ഈ വ്യവസായത്തിന്റെ തകർച്ചയോടെ ഗ്രാമീണ മേഖലയിലെ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ട നിലയിലാണ്. ഇപ്പോൾ ഈറ ഉൽപ്പന്നങ്ങൾ ചന്തയിൽ കൊണ്ടു പോയി കൊടുത്ത് വരുമാനമാർഗ്ഗം കണ്ടെത്തുകയാണിവർ.