സ്വന്തം ലേഖകന്‍
തൃശൂര്‍: കൊടകര കുഴൽപ്പണ കേസില്‍ അന്വേഷണം ആലപ്പുഴയിലേക്ക് നീങ്ങിയതോടെ അവിടത്തെ വന്‍കിട പണമിടപാടുകാരും പോലീസിന്റെ നിരീക്ഷണത്തില്‍.
ആലപ്പുഴയിലെ കര്‍ത്ത എന്നൊരാള്‍ക്ക് വേണ്ടിയാണ് കര്‍ണാടകയില്‍നിന്നു മൂന്നരക്കോടി രൂപ കൊണ്ടുവന്നിരുന്നതെന്നാണ് അന്വേഷണസംഘത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
ആരാണ് കര്‍ത്ത എന്ന കാര്യത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് വ്യക്തമായ അറിവില്ല. ആലപ്പുഴയിലോ സമീപത്തോ ഈ ഒരു പേരില്‍ പാര്‍ട്ടി നേതാവില്ല. അതുകൊണ്ടുതന്നെ ആലപ്പുഴയിലെ ഏതെങ്കിലും വന്‍കിട പണമിടപാടുകാരനായിരിക്കാം കര്‍ത്ത എന്നാണ് സൂചന.
കര്‍ണാടക ബന്ധങ്ങളുള്ള വലിയ സ്രാവാണ് കര്‍ത്ത എന്നാണ് അന്വേഷണസംഘം കരുതുന്നത്. കര്‍ണാടകയിലെ മദ്യ-ഖനി ലോബിയുമായി അടുത്ത ബന്ധമുള്ള ആളായിരിക്കാം എന്നും പോലീസ് സംശയിക്കുന്നുണ്ട്.
എന്നാല്‍ ഇയാളിലേക്ക് മാത്രം അന്വേഷണം വഴി തിരിച്ചുവിടാനുള്ള കുഴൽപ്പണക്കാരുടെ തന്ത്രത്തിന്റെ ഭാഗമാണോ ഈ പേര് ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും പോലീസിന് സംശയമുണ്ട്.
അതേസമയം ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണസംഘം നിര്‍ദ്ദേശം നല്കിയ ബിജെപി സംസ്ഥാന നേതാക്കള്‍ ഹാജരായില്ല.
തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്ക് എത്താന്‍ അസൗകര്യങ്ങളുണ്ടെന്നും രണ്ടു ദിവസം സാവകാശം തരണമെന്നും ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ഗണേശന്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
നാളെ ഇവര്‍ ചോദ്യംചെയ്യലിന് തൃശൂരില്‍ എത്തുമെന്ന് കരുതുന്നു.ആലപ്പുഴ സ്വദേശിക്ക് കൈമാറാനാണ് പണം കൊണ്ടുപോയിരുന്നതെന്ന് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ധര്‍മ്മരാജ്, സുനില്‍നായിക്ക് എന്നിവരില്‍ നിന്നാണ് അന്വേഷണസംഘത്തിന് സൂചന ലഭിച്ചത്.