ബാഴ്സലോണ: രണ്ടു ഗോളുകൾ വീതം നേടിയ റോബർട്ട് ലെവൻഡോവ്സ്കിയുടെയും പാബ്ലോ ടൊറേയുടെയും സഹായത്തിൽ ബാഴ്സലോണയ്ക്കു തകർപ്പൻ ജയം.
ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണ 5-1ന് സെവിയ്യയെ തകർത്തു. ഈ വിജയം ഹാൻസി ഫ്ളിക്കിന്റെ സംഘത്തിനു വരാനിരിക്കുന്ന ബയേണ്‍ മ്യൂണിക്, റയൽ മാഡ്രിഡ് പോരാട്ടങ്ങൾക്കുമുന്പ് ആത്മവിശ്വാസം ഉയർത്തി.
24-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലെവൻഡോവ്സ്കി ഗോളടിക്കു തുടക്കമിട്ടു. 39-ാം മിനിറ്റിൽ പോളിഷ്താരം രണ്ടാം ഗോൾ നേടി. 82, 89 മിനിറ്റുകളിലാണ് ടൊറെ വലകുലുക്കിയത്. ഒരു ഗോൾ പെദ്രി (28’) നേടി. തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബാഴ്സ ആദ്യ പകുതിയിലെ 15 മിനിറ്റിനിടെ മൂന്നു ഗോൾ സ്വന്തമാക്കി മത്സരം വരുതിയിലാക്കി.
12 ഗോളുകളുമായി ലെവൻഡോവ്സ്കി ലാ ലിഗ ഗോളടിയിൽ ഒന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തിൽ അലക്സാണ്ടർ സോർലോത്തിന്റെ ഇരട്ട ഗോൾ മികവിൽ അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് ലെഗനസിനെ തോൽപ്പിച്ചു. ഒരു ഗോൾ അന്റോയ്ൻ ഗ്രീസ്മാൻ നേടി.
ജയത്തോടെ 27 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്താണ്. 24 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാമത്. 20 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്.
ഈ ലാ ലിഗ സീസണിലെ ആദ്യ റയൽ മാഡ്രിഡ്-ബാഴ്സലോണ എൽ ക്ലാസിക്കോ 27ന് സാന്റിയാഗോ ബർണാബുവിൽ നടക്കും.