ലഹരി തീവ്രവാദം ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും പുതിയ ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയാണ് വെളിപ്പെടുത്തിയത്.
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ തുറന്നു പറച്ചിൽ. അടുത്തിടെയായി രാജ്യത്തേക്ക് ലഹരി കടത്ത് വർധിച്ചുവരുന്നതു പച്ചയായ യാഥാർഥ്യം തന്നെയാണ്.
ലഹരിയൊഴുകുന്ന വഴികൾ
അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക,ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽനിന്നാണ് ഇന്ത്യയിലേക്കു ലഹരിയൊഴുകിയിരുന്നത്.
പാക്കിസ്ഥാനുമായി അതിര് പങ്കിടുന്ന ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ വഴിയും ലഹരിയെത്തിയിരുന്നു. തുറമുഖങ്ങളും വിമാനത്താവളങ്ങളും ലഹരിക്കടത്തിന്റെ ഇടത്താവളങ്ങളാക്കി മാഫിയ മാറ്റിയെടുത്തു.
ഇതിൽ ഗുജറാത്ത്, മുബൈ തീരങ്ങളും കൊച്ചിയടക്കമുള്ള രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങും മാഫിയയുടെ നിയന്ത്രണത്തിലായിരുന്നു.
ഇപ്പോൾ കനത്ത സുരക്ഷ കാരണം മറ്റുമാർഗങ്ങൾ തേടുകയാണ് അന്താരാഷ്ട്ര ലഹരി മാഫിയ.
അഫ്ഗാൻ അധിനിവേശം
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ കേരളവും ഇപ്പോൾ കടുത്ത ജാഗ്രതയിലാണ്.
കാരണം, അമേരിക്ക, നാറ്റോ സേനകൾ അവിടെനിന്ന് പിന്മാറിയതോടെ അഫ്ഗാൻ കേന്ദ്രമാക്കി ലഹരിമരുന്നു കടത്ത് ഇനിയും വർധിക്കുമെന്നാണ് ആഗോള രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സൂചനകൾ.
അമേരിക്കൻ അധിനിവേശവേളയിലും അഫ്ഗാനിൽ പലയിടത്തും കറുപ്പ് അഥവാ ഒപ്പിയം നിർബാധമാണ് വിളവെടുത്തിരുന്നത്.
താലിബാൻ ഭരിച്ച കാലത്തെല്ലാം അഫ്ഗാന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായിരുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ലഹരിക്കടത്ത്.
ഈ സ്വാധീനമാണ് രാജ്യത്ത് കേരളം ഉൾപ്പെടെ പലയിടത്തും ലഹരികടത്ത് വർധിക്കുന്നതിനു പിന്നിലെ ഒരു കാരണം.
പിടിച്ചെടുക്കുന്നവയിലേറെയും ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ വിഭാഗത്തിൽ ഉൾപ്പെടുന്നത് ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും അടുത്തിടെ നടന്ന റെയ്ഡുകളിൽ പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ അടിവേരുകളിൽ അധികവും എത്തിനിൽക്കുന്നത് അഫ്ഗാനിലാണ്.
പാക്കിസ്ഥാൻ വഴി അതിർത്തി കടത്തിയാണ് ലഹരി കേരളത്തിലെത്തിച്ചിരുന്നത്. രാജ്യത്തിന്റെ സുരക്ഷ സംവിധാനത്തിലെ നിതാന്ത ജാഗ്രത ലഹരിയുടെ കടന്നുകയറ്റത്തിന് ഇന്ന് ഒരു പരിധിവരെ തടയിട്ടിട്ടുണ്ട്.
പുലിമുരുകൻമാർ
രാജ്യാന്തര കപ്പൽപ്പാത വഴി ആയുധങ്ങളും ലഹരിമരുന്നും കടത്തിയ കേസിൽ രണ്ട് തമിഴ്പുലികളെ ആലുവ നെടുമ്പാശേരിയിൽനിന്നു ദിവസങ്ങൾക്ക് മുമ്പ് എൻഐഎ അറസ്റ്റ് ചെയ്തിതിരുന്നു.
സഹോദരങ്ങളായ സുരേഷ് രാജ്, രമേശ് എന്നിവരടക്കം എട്ട് ശ്രീലങ്കൻ വംശജരും ഒരു ചെന്നൈ സ്വദേശിയുമാണ് ഈ കേസിൽ പിടിയിലായത്.
എകെ 47 തോക്കുകളും വെടിക്കോപ്പുകളും 300 കിലോ ലഹരിമരുന്നുമടങ്ങിയ രവിഹൻസിയെന്ന ശ്രീലങ്കൻ ബോട്ടാണ് വിഴിഞ്ഞത്തുനിന്നു കോസ്റ്റൽ പോലീസ് കഴിഞ്ഞ മാർച്ചിൽ കസ്റ്റഡിയിലെടുത്തത്.
പാക് ബന്ധം
ശ്രീലങ്കൻ ലഹരിക്കടത്തിന്റെ ആസൂത്രണം നടന്നത് എറണാകുളം മറൈൻ ഡ്രൈവ് കേന്ദ്രീകരിച്ചായിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
ഹവാലയടക്കമുള്ള ഈ ഇടപാടുകളുടെ സൂത്രധാരൻ ഒരു പാക് പൗരനായിരുന്നു. പാക്-ശ്രീലങ്കൻ ലഹരി കടത്ത് നിയന്ത്രിക്കുന്നത് ഇയാളാണ്.
ശ്രീലങ്കയിലെ ഹംബൻതോട തുറമുഖം, തമിഴ്നാട് തീരങ്ങൾ, ലക്ഷദ്വീപിലെ ആളൊഴിഞ്ഞ ദ്വീപുകൾ എന്നിവിടങ്ങളായിരുന്നു അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ പ്രധാന മേഖല.
ഈ ലഹരിക്കടത്ത് സംഘത്തിനു കേരളവുമായും ബന്ധമുണ്ടെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നതാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എൻഐഎക്ക് പാക് ബന്ധം സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്.
തീവ്രവാദ സംഘങ്ങൾ കൈകോർത്ത് അവരുടെ പ്രധാന ലഹരിക്കമ്പോളമായി കേരളത്തെ മാറ്റിയിരിക്കുകയാണ്.
വിവിധ സ്വഭാവമുള്ള തീവ്രവാദ സംഘടനകളിലേക്ക് യുവതിയുവാക്കളെ ആകർഷിക്കുന്നതിന്റെ പ്രധാന കാരണവും മതിമറന്നു പോകുന്ന ലഹരി തന്നെയാണ്.
പൈപ്പിലൂടെ ഇന്ത്യയിലേക്ക്
പഞ്ചാബിലെ പാക് അതിർത്തി മേഖലയിൽ പാകിസ്ഥാനിൽനിന്ന് പൈപ്പിലൂടെ 40.8 കിലോ ഹെറോയിൻ കടത്തിയത് കഴിഞ്ഞ ഓഗസ്റ്റിൽ പോലീസ് പിടിച്ചെടുത്തിരുന്നു.
ഗുരുദാസ്പുർ ജില്ലയിലെ ദേരാബാബ നാനാക് മേഖലയിൽനിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഹെറോയിന് പുറമേ 180 ഗ്രാം ഓപ്പിയവും ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച പാക് നിർമിത പിവിസി പൈപ്പുകളും രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുക്കുകയായിരുന്നു.
അന്ന് ബിഎസ്എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കടത്ത് പിടികൂടിയത്.
കുപ്രസിദ്ധ ലഹരിമരുന്ന് വിതരണക്കാരനായ നിർമൽ സിംഗ് എന്ന സോനു മായേർ പാകിസ്ഥാനിൽനിന്നു ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നതായി ഇവർക്ക് നേരത്തെ സൂചന ലഭിച്ചിരുന്നു.
അതിർത്തിയോട് ചേർന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവർക്കുനേരേ ബിഎസ്എഫ് വെടിയുതിർത്തതോടെ സംഘം പ്രദേശത്തുനിന്നു പിൻവാങ്ങി. പിന്നാലെ പോലീസ് സംഘവും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് വഴി കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടിച്ചെടുത്തത്.
39 പ്ലാസ്റ്റിക് പായ്ക്കറ്റുകളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. പാകിസ്ഥാനിൽനിന്ന് അതിർത്തിയിലെ കമ്പിവേലിക്കിടയിലൂടെ പിവിസി പൈപ്പിനുള്ളിലാക്കിയാണ് ഇവ ഇന്ത്യയിലേക്കു കടത്തിയിരുന്നത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച രണ്ട് പൈപ്പുകളും പോലീസ് സംഘം കണ്ടെടുത്തിരുന്നു.
മൂന്നു മാസത്തിനുള്ളിൽ 3,427 കിലോ ഹെറോയിൻ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രമായി പിടികൂടിയത് 3,427 കിലോ ഹെറോയിൻ എന്ന മാരക മയക്കുമരുന്നാണ്.
ഇതു കൂടാതെ 35 കിലോ കോഡിൻ സിറപ്പും പിടികൂടി. 2019ൽ ആകെ പിടികൂടിയ 3,231 കിലോ ഹെറോയിന്റെ സ്ഥാനത്താണ് ഈ മൂന്നു മാസത്തെ ഞെട്ടിക്കുന്ന കണക്ക്.
തയാറാക്കിയത്: റിയാസ് കുട്ടമശേരി