സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: കാട്ടൂരിൽ വീട്ടമ്മയെ ഗുണ്ടാസംഘം കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിക്കായി പോലീസ് തിരച്ചിൽ ഉൗർജിതമാക്കി.
മുഖ്യപ്രതിയടക്കം രണ്ടുപേരെ പിടികിട്ടാനുണ്ട്. സംഘത്തിലെ രണ്ടുപേരെ പോലീസ് കൊലനടന്ന് പിറ്റേന്ന് തന്നെ അറസ്റ്റു ചെയ്തിരുന്നു.
കൊല്ലപ്പെട്ട വീട്ടമ്മയുടെ ഭർത്താവ് ഒളിവിലാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളുടെ കലാശത്തിലാണ് കൊലപാതകം നടന്നത്.
കാട്ടൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയിലുൾപ്പെട്ട കാട്ടൂർക്കടവ് നന്താനത്തുപറന്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) യാണു മരിച്ചത്.
ഞായറാഴ്ച രാത്രി ഒന്പതരയോടെയാണ് ലക്ഷ്്മിയെ വെട്ടിക്കൊലപ്പെടുത്തിയത്.
വീട്ടിലേക്ക് പന്നിപ്പടക്കമെറിഞ്ഞ അക്രമികൾ വീടിനു പുറത്തു നിന്നിരുന്ന ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഹരീഷുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും ഏറ്റുമുട്ടലും കുടുംബാംഗങ്ങളിലേക്ക് നീങ്ങുന്നത് ജില്ലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇതുവരെ പരസ്പരം ഏറ്റുമുട്ടലും കൊലപാതകത്തിന് കൊലപാതകങ്ങളുമാണ് ഉണ്ടായിരുന്നതെങ്കിൽ ഇരിങ്ങാലക്കുട കാട്ടൂരിലെ സംഭവം ഗുണ്ടാസംഘങ്ങളുടെ പുതിയ മുഖമാണ് വ്യക്തമാക്കുന്നത്.
ഗുണ്ടാസംഘങ്ങളുടെ വീട്ടിൽ കയറി ആക്രമണം നടത്തി സ്ത്രീകളടക്കമുള്ളവരെ ഇല്ലാതാക്കുകയെന്ന രീതിയിലേക്ക് ആക്രമണം മാറുന്നത് പോലീസും ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
കൊല്ലപ്പെട്ട ലക്ഷ്മിയുടെ മൃതദേഹം സംസ്കരിക്കുന്പോൾ പോലും ഭർത്താവിന് വരാനായില്ല. തുടർ അക്രമസംഭവങ്ങളില്ലാതിരിക്കാൻ പോലീസ് ജാഗ്രത പുലർത്തുന്നുണ്ട്.