പാറ്റ്ന: 2022ൽ എൻഡിഎ വിടാൻ ശ്രമിക്കുന്നതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡി പാർട്ടി നേതാക്കളായ ലാലു പ്രസാദിനോടും റാബ്റി ദേവിയോടും മുൻകാല വഞ്ചനകൾക്ക് മാപ്പ് ചോദിച്ചിരുന്നതായി ആർജെഡി നേതാവും ലാലു- റാബ്റി ദമ്പതികളുടെ മകനുമായ തേജസ്വി യാദവ്. തന്റെ പാർട്ടിയെ പിളർത്താൻ ബിജെപി ശ്രമിക്കുകയാണെന്നും അന്നു നിതീഷ് പറഞ്ഞിരുന്നു. വീണ്ടും എൻഡിഎയിലേക്കു പോയ നിതീഷ് കുമാർ ഇനിയും കൂറുമാറില്ലെന്ന് ഉറപ്പില്ലെന്നും തേജസി യാദവ് പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ബിഹാറിലെ മൊഹാനിയയിൽ നടന്ന റാലിയിൽ സംസാരിക്കവേയാണ് തേജസ്വി യാദവ് ഇക്കാര്യം പറഞ്ഞത്. നിതീഷ് കുമാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് 2022 ഓഗസ്റ്റിലാണ്. തുടർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ആർജെഡിയുമായി സഖ്യമുണ്ടാക്കി.
തേജസ്വി യാദവ് ഡെപ്യൂട്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നു. കഴിഞ്ഞ മാസം വീണ്ടും നിതീഷ് കുമാർ കൂറുമാറാൻ തീരുമാനിക്കുകയും എൻഡിഎയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച് ഒമ്പതാം തവണ സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.