കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ വിടാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ ലൈഫ് മിഷൻ കരാറിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക്, സ്വപ്ന സുരേഷുമായുള്ള ബന്ധം, കരാറുമായി രവീന്ദ്രനുള്ള ബന്ധം എന്നീ കാര്യങ്ങളിൽ ഇഡി വ്യക്തത തേടിയെന്നാണ് അറിയുന്നത്.
ലൈഫ് മിഷൻ കരാർ ഒപ്പിട്ട കാലത്ത് എം. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റുകൾ, സ്വപ്നയും രവീന്ദ്രനും തമ്മിൽ നടത്തിയ ചാറ്റുകൾ തുടങ്ങിയ രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
രവീന്ദ്രൻ ഉപയോഗിച്ചിരുന്ന രണ്ടു ഫോണ് നന്പറുകളും രവീന്ദ്രനുമായി അടുപ്പമുള്ളവരുടെ നന്പറുകളും ഇഡി നിരീക്ഷിച്ചിരുന്നതായും സൂചനയുണ്ട്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിക്ക് യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടി രൂപയിൽ 4.5 കോടി കോഴയായി നൽകിയെന്ന കേസാണ് ഇഡി അന്വേഷിക്കുന്നത്.
അതേസമയം, ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ റിമാൻഡ് പ്രത്യേക കോടതി 14 ദിവസത്തേക്കു കൂടി നീട്ടി. 23 നു വീണ്ടും ഹാജരാക്കണം.