കണ്ണൂർ: വെളിച്ച-ശബ്ദസമന്വയത്തിലൂടെ കണ്ണൂർ കോട്ടയുടെയും കണ്ണൂരിന്റെയും ചരിത്രം പറയാൻ ഒരുക്കിയ പദ്ധതി എവിടെയും എത്തിയില്ലെന്നുമാത്രമല്ല ഇപ്പോൾ വിജിലൻസ് അന്വേഷണത്തിലേക്കും എത്തിയിരിക്കുകയാണ്.
ഗൊൽക്കൊണ്ട കോട്ട, പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിൽ, രാജസ്ഥാനിലെ ഉദയപുർ കൊട്ടാരം, മധ്യപ്രദേശിലെ ഗ്വാളിയോർ കോട്ട എന്നിവിടങ്ങളിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ചുവടു പിടിച്ചായിരുന്നു കണ്ണൂരിലും പദ്ധതി നടപ്പാക്കിയത്.
സംസ്ഥാനത്തെ ആദ്യ ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നു കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പദ്ധതിയാണിപ്പോൾ അഴിമതി അന്വേഷണം നേരിടുന്നത്.ടൂറിസം വകുപ്പിന്റെ 3.88 കോടി രൂപാ ചെലവിലാണ് ഷോ നടപ്പാക്കിയത്.
കോട്ടയിലെ പ്രവേശന കവാടത്തിൽനിന്ന് തുടങ്ങുന്ന നടപ്പാതയിൽ തുറസായ സ്ഥലത്തിനോടു ചേർന്നുള്ള കോട്ടയുടെ ചുമരിൽ വെളിച്ച-ശബ്ദ സംവിധാനത്തിലൂടെ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ കോട്ടയുടെയും കണ്ണൂരിന്റെ ചരിത്രം വിവരിക്കുന്നതായിരുന്നു പദ്ധതി.
ഒരേ സമയം 250 പേർക്ക് ഇരുന്നു കാണാവുന്ന സംവിധാനവും ആസൂത്രണം ചെയ്തിരുന്നു.കണ്ണൂർ കോട്ടയിലെ നിധി ശേഖരം കവരാൻ എത്തുന്ന രണ്ടു മോഷ്ടാക്കളിലൂടെയാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിച്ചിരുന്നത്. പിന്നീട് കോട്ട തന്നെ ഒരു കഥാപാത്രമായി മാറി തന്റെ പൈതൃകത്തെ കവരാൻ എത്തിയവരോട് തന്റെ കഥ പറയും.
പോർച്ചുഗീസുകാർ കണ്ണൂരിലെത്തുന്നതു മുതലുള്ള ചരിത്രം പ്രതിപാദിക്കുന്നതിനൊപ്പം അറക്കൽ, ചിറക്കൽ, കണ്ണൂരിന്റെ പാരന്പര്യം, കോലത്തിരി നാടിന്റെ പെരുമ, ബ്രിട്ടീഷുകാരുടെ വരവ്, പഴശി പോരാട്ടം, സ്വാതന്ത്ര്യ സമര പോരാട്ടം എന്നിവയെല്ലാം കോട്ട സഞ്ചാരികളുമായി പങ്കു വെക്കും. ഒടുവിൽ കോട്ടയുടെ പൈതൃകം കവരാനെത്തിയവർ മാനസാന്തരപ്പെട്ടു സ്വയം കോട്ടയുടെ കാവലാളുകളായി മാറുന്നതോടു കൂടിയായിരുന്നു പ്രദർശനം സമാപിക്കുക.
ആധുനിക സജ്ജീകരണങ്ങളായ മൾട്ടി മീഡിയ സ്കാനിംഗ്, ലേസർ പ്രോജക്ടുകൾ എന്നിവ സമർഥമായി വിനിയോഗിച്ചായിരുന്നു അവതരണം. 56 മിനിട്ട് നീണ്ടു നിൽക്കുന്ന പരിപാടിക്കു ശബ്ദം നൽകിയിരിക്കുന്നത് നടൻ മമ്മൂട്ടിയും നടി കാവ്യാ മാധവനുമായിരുന്നു.
വിഷ്വൽ ഇഫക്ടിനു പുറമേ 7.1 സറൗണ്ട് സിസ്റ്റമായിരുന്നു ഉപയോഗിച്ചത്. ശങ്കർ രാമകൃഷ്ണനായിരുന്നു രചനയും സംവിധാനവും നിർവഹിച്ചത്. ടിക്കറ്റ് വച്ച് ദിവസേന രണ്ട് ഷോകൾ ഒരുക്കുമെന്നായിരുന്നു ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നതെങ്കിലും ടിക്കറ്റ് വച്ച് ഒരു ദിവസം പോലും പ്രദർശനം നടത്തിയിട്ടില്ല.