ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ലിസ് ട്രസ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നതോടെയാണ് മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായത്.
ഇന്ത്യന്‍ വംശജനായ മുന്‍ധനമന്ത്രി ഋഷി സുനക് ആയിരുന്നു എതിരാളി. ലിസ് ട്രസിന് 81,326 വോട്ട് ലഭിച്ചപ്പോള്‍ ഋഷി സുനകിന് 60,399 വോട്ടാണ് ലഭിച്ചത്.
ബ്രിട്ടന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ മാത്രം വനിതയാണ് 47കാരിയായ ലിസ് ട്രസ്.
നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്സന് നാളെ സ്ഥാനമൊഴിയും.
പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. സ്കോട്ട്ലന്‍ഡിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറിലാണ് നിലവില്‍ എലിസബത്ത് രാജ്ഞിയുള്ളത്.
ബോറിസിന്റെ രാജിയും വിടവാങ്ങല്‍ സന്ദര്‍ശനവും ഇവിടെയെത്തിയാകും. 70 വര്‍ഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാര ചരിത്രത്തില്‍ ഇതിനോടകം 14 പേരെ അവര്‍ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്.
ഇതെല്ലാം നടന്നത് ഔദ്യോഗിക വസതിയായ ബക്കിംഗ്ഹാം കൊട്ടാരത്തിലായിരുന്നു. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായാണ് സ്കോട്ട്ലന്‍ഡിലെ ബാലമോറില്‍ ചടങ്ങുകള്‍ നടക്കുക.
ആചാരപരമായ ചടങ്ങുകള്‍ക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുക.
ബോറിസ് ജോണ്സന് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഋഷി സുനകാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജി പ്രഖ്യാപിച്ചത്.
2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ ഋഷി സുനകിനെ ധനമന്ത്രിയായി ബോറിസ് ജോണ്സന് നിയമിച്ചത്.
ഋഷി, ഇന്‍ഫോസിസ് സ്ഥാപക ചെയര്മാന് എന്‍.ആര്. നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷതയുടെ ഭര്‍ത്താവാണ്.