കൈതച്ചക്ക മുഴുവന്‍ ‘ഫ്രീയായി’ പറിച്ചെടുത്തു കൊള്ളാന്‍ നാട്ടുകാര്‍ക്ക് തോട്ടമുടമയുടെ പേരില്‍ വ്യാജ സന്ദേശം; കേട്ട പാതി കേള്‍ക്കാത്ത പാതി സ്ഥലത്തെത്തിയ നാട്ടുകാര്‍ 10 ഏക്കര്‍ തോട്ടം വെളുപ്പിച്ചു; തൊടുപുഴയില്‍ തോട്ടമുടയ്ക്ക് നഷ്ടമായത് ആറു ടണ്‍ കൈതച്ചക്ക

ലോക്ക് ഡൗണ്‍ ആയാലും മലയാളികളുടെ മനോഭാവത്തിന് വലിയ മാറ്റമൊന്നുമില്ല. ഫ്രീയായി എന്തെങ്കിലും കിട്ടുമെന്നു പറഞ്ഞാല്‍ അവിടെ ചാടിവീഴുന്നത് മലയാളിയുടെ സ്വഭാവമാണ്. ആ സാധനം അവര്‍ക്ക് ഒരു ആവശ്യവുമുള്ളതല്ലെങ്കില്‍ പോലും.

മലയാളിയുടെ ഇത്തരം ആര്‍ത്തി കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു കര്‍ഷകന് വന്‍ നഷ്ടമാക്കിയത് ആറു ടണ്‍ കൈതച്ചക്കയാണ്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജസന്ദേശമാണ് കര്‍ഷകന് എട്ടിന്റെ പണി നല്‍കിയത്.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മൂലം വിപണിയിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ തന്റെ കൈതച്ചക്ക മുഴുവന്‍ പറിച്ചെടുത്തുകൊള്ളാന്‍ ഉടമ പറഞ്ഞതായി വ്യാജസന്ദേശം പ്രചരിച്ചതോടെ തൊടുപുഴ ഏഴല്ലൂര്‍ നെടുങ്കല്ലേല്‍ എബിന്‍ ജോസിന്റെ കുത്താമ്പുള്ളിയിലുള്ള 10 ഏക്കര്‍ തോട്ടത്തിലെ ആറു ടണ്ണോളം കൈതച്ചക്ക നാട്ടുകാര്‍ പറിച്ചു കൊണ്ടു പോകുകയായിരുന്നു.

മൈസുരുവിലേക്ക് എത്തിക്കേണ്ട പഴുത്ത കൈതച്ചക്കകളാണ് ഇത്തരത്തില്‍ നാട്ടുകാര്‍ പറിച്ചു കൊണ്ടുപോയത്.

കുറച്ചു ദിവസം മുമ്പ് തോട്ടത്തിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികളുമായി സംസാരിച്ച് നാട്ടുകാരില്‍ ചിലര്‍ തോട്ടത്തില്‍ നിന്നും കുറച്ചു കൈതച്ചക്ക പറിച്ചെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് തോട്ടത്തിലെ കൈതച്ചക്ക മുഴുവന്‍ പറിക്കാമെന്ന തരത്തില്‍ സമൂഹ മാധ്യമം വഴി പ്രചരിച്ചത്.

ഇതോടെ ചാക്കുകളുമായി നാട്ടുകാര്‍ തോട്ടത്തിലേയ്ക്ക് എത്തുകയായിരുന്നു.

ലോക്ഡൗണ്‍ ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ ഇവിടേയ്ക്ക് എത്തുന്ന വിവരം അറിഞ്ഞ് പോലീസെത്തുമ്പോഴും നാട്ടുകാര്‍ കൈതച്ചക്കയുടെ വിളവെടുപ്പിലായിരുന്നു.

ലോക്ഡൗണ്‍ ലംഘിച്ചതിനു നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് എത്തിയതോടെ ആളുകള്‍ ചിതറിയോടിയെങ്കിലും 11 പേരെ പിടികൂടുകയും എട്ടോളം ബൈക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും കര്‍ഷകന് വന്‍നഷ്ടമുണ്ടായത് മിച്ചം.

Related posts

Leave a Comment