ഹരിപ്പാട് :കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ ഭാഗമായി കടകൾ അടച്ചുപൂട്ടിയതോടെ തെരുവുനായ്ക്കൾ മുഴുപ്പട്ടിണിയിലായത് ആശങ്കയുയർത്തുന്നു. ഹോട്ടലുകൾ, അറവുശാലകൾ എന്നിവ അടച്ചുപൂട്ടിയതോടെയാണ് ഇവയ്ക്കുതീറ്റയില്ലാതായത്.
ഇവിടെ നിന്നു തെരുവോരങ്ങളിലേക്ക്തള്ളുന്ന മാലിന്യങ്ങൾ നായകളുടെ ഇഷ്ടഭോജ്യമായിരുന്നു. തെരുവുനായകൾക്ക് ഭക്ഷണം കിട്ടാതാകുന്നതോടെ അക്രമാസ്കരാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിന് തദ്ദേശസ്ഥാപനങ്ങൾ പദ്ധതികൾ തയാറാക്കി ഇവയെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. എന്നാൽ പലയിടങ്ങളിലും ഈ നിർദ്ദേശം പ്രാവർത്തികമായിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഭക്ഷണം കിട്ടാതെ വരുന്നതോടെ അക്രമാസക്തമാകുകയാണിവ.ഇതോടെ കാൽനടയാത്രക്കാരും, ഇരുചക്രവാഹനയാത്രികരും ഭീതിയിലാണ്.
രാത്രികാലങ്ങളിലാണ് ഇവയുടെ ആക്രമണംകുടുതലായി ഉണ്ടാകുന്നത്. അടഞ്ഞുകിടക്കുന്ന ഹോട്ടലുകൾ, മറ്റ് ഭക്ഷണശാലകൾ, കല്യാണമണ്ഡപങ്ങൾ, കോടതിവരാന്തകൾ, സ്കൂളുകൾ, ആശുപത്രിപരിസരം, കടകളുടെ വരാന്തകൾ, സർക്കാർ ഓഫീസുകളുടെ പ്രധാന കവാടങ്ങൾ എന്നിവിടങ്ങളിലാണ് ഇവ തന്പടിക്കുന്നത്.
മുന്പ് തെരുവുനായകളുടെ കടിയേറ്റു മരണങ്ങൾവരെ സംഭവിച്ചിട്ടുണ്ടിവിടെ. അതുപോലെ കടിയേറ്റ് ചികിത്സയിൽ ഉള്ളവരും നിരവധിയായിരുന്നു.
ഗ്രാമ പഞ്ചായത്തുകൾ തോറും സമൂഹ അടുക്കളകൾ നടത്തി നമ്മൾ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്പോൾ അതിന്റെ അവശിഷ്ടങ്ങളെങ്കിലും തെരുവുനായകൾക്ക് നൽകാനുള്ള മനസു കാട്ടണമെന്ന ആവശ്യം ശക്തമാകുകയാണ് .