തൃശൂർ: ലോക്ക് ഡൗണ്‍ കാലത്ത് അടച്ചിട്ടിരുന്ന കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വ്യാപാരികൾക്കു വാടക ഇളവു നൽകുന്നതു സംബന്ധിച്ചു നാളെ ചേരുന്ന കൗണ്‍സിൽ യോഗത്തിൽ തീരുമാനമെടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദേശം അനുസരിച്ചാണു വിഷയം കൗണ്‍സിൽ യോഗത്തിൽ അജൻഡയായി ചേർത്തിരിക്കുന്നത്.
ലോക്ക് ഡൗണ്‍ കാലയളവിൽ തുറക്കാൻ അനുവാദമില്ലാതിരുന്ന സ്ഥാപനങ്ങളെ മാത്രമേ വാടക ഇളവിനു പരിഗണിക്കൂ, വാടക ഇളവിന് അപേക്ഷിക്കുന്ന വ്യക്തി തന്റെ സ്ഥാപനം ഈ കാലയളവിൽ അടഞ്ഞുകിടന്നതായുള്ള സത്യവാങ്മൂലം അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം,
ലൈസൻസികളിൽ നിന്നു ലഭിക്കുന്ന അപേക്ഷകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് നൽകും. നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി മാത്രമായിരിക്കും വാടക ഇളവ് അനുവദിക്കുക.
വാടക പൂർണമായി ഒഴിവാക്കേണ്ടതുണ്ടോ, ഭാഗികമായി കുറച്ചാൽ മതിയോയെന്നും നാളത്തെ യോഗത്തിൽ ചർച്ചയുണ്ടാകും.
കോർപറേഷൻ കെട്ടിടങ്ങളിലെ വാടക ഒഴിവാക്കിത്തരണമെന്ന് ലോക് ഡൗണ്‍ നാളുകൾ മുതൽ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. വ്യാപാരി സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. തൃശൂർ കോർപറേഷൻ ഒല്ലൂർ സോണൽ ഓഫീസിൽ കൗണ്‍സിൽ യോഗം നടത്തുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട അജണ്ടയിൽ സെക്രട്ടറി പറഞ്ഞിരുന്നത്.
യോഗം അയ്യന്തോൾ പ്രിയദർശിനി ഓഡിറ്റോറിയത്തിലേക്കു മാറ്റാനും തീരുമാനിച്ചു. രോഗവ്യാപന മേഖലയായിരുന്നതിനാലാണ് അയ്യന്തോളിൽ കൗണ്‍സിൽ നടത്താതെ ഒല്ലൂരിലേക്കു മാറ്റാൻ ശ്രമിച്ചത്. എന്നാൽ അയ്യന്തോൾ പ്രദേശത്തെ രോഗവ്യാപന മേഖലയിൽനിന്നു മാറ്റി. അതിനാൽ യോഗം അയ്യന്തോൾ പ്രിയദർശിനി ഹാളിലേക്കു മാറ്റുമെന്ന് മേയർ അജിത ജയരാജൻ പറഞ്ഞു.
കോർപറേഷൻ ആസ്ഥാന മന്ദിരത്തിലെ കൗണ്‍സിൽ ഹാളിൽ സാമൂഹിക അകലം പാലിച്ചു യോഗം നടത്താനാവില്ല. അതിനാലാണ് കൂടുതൽ വിശാലമായ അയ്യന്തോൾ പ്രിയദർശിനി ഓഡിറ്റോറിയത്തിലേക്കു യോഗം മാറ്റിയത്.