ഫോട്ടോഗ്രാഫര്‍മാരെ സംബന്ധിച്ച് ലോക്ക്ഡൗണ്‍ കാലത്ത് ഒന്നും ചെയ്യാനില്ല. പ്രത്യേകിച്ച് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍മാര്‍ക്ക്. എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തനാകുകയാണ് സൗത്ത് ഇന്ത്യന്‍ സിനിമാതാരങ്ങളുടെ പ്രിയ ഫോട്ടോഗ്രാഫറായ ഷാഫി ഷക്കീര്‍ എന്ന സെലിബ്രിറ്റി ഫോട്ടോഗ്രഫര്‍.
ലോക്ക്ഡൗണില്‍ ആദ്യകുറച്ച് ദിനങ്ങള്‍ വെറുതെയിരുന്നു സമയം കളഞ്ഞു. ബോറടി അതിന്റെ മൂര്ധന്യാവസ്ഥയില് എത്തിയപ്പോഴാണ് ബോറടി മാറ്റുവാനുള്ള പുതിയ ഐഡിയകള്‍ ആലോചിച്ചു തുടങ്ങുന്നത്.
ഫോട്ടോഗ്രാഫിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ തീരുമാനിച്ച ഷാഫി കാമറയുമായി മുറ്റത്തേക്ക് ഇറങ്ങി. പക്ഷേ അവിടെയൊന്നും പരീക്ഷണങ്ങള്‍ക്ക് പറ്റിയത് ഒന്നും കണ്ടില്ല.
വീഡിയോകോളിലൂടെ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് പുതിയ ആശയം മനസിലേക്ക് വരുന്നത്. എന്തുകൊണ്ട് വീഡിയോ കോള്‍ വഴി ഫോട്ടോഷൂട്ട് നടത്തിക്കൂടാ..
ആദ്യപരീക്ഷണം പരാജയപ്പെട്ടെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫലം കണ്ടുതുടങ്ങി. ഐ ഫോണിലെ ഫേസ്ടൈം ആപ്പു വഴി ഡിഎസ്എല്‍ആര്‍ കാമറയില്‍ പകര്‍ത്തുന്ന ക്വാളിറ്റിയില്‍ ഫോട്ടോ പകര്‍ത്താമെന്ന ഗൂഗിളില്‍ നിന്ന് കിട്ടിയ അറിവാണ് ലോക്ഡൗണ്‍ ഫോട്ടോഷൂട്ടിന്റെ പിറവിക്ക് കാരണം. തൃശൂരിലെ വീട്ടില്‍ നിന്നാണ് ഷാഫി എറണാകുളത്തുള്ള മോഡലുകളുടെ ഫോട്ടോകള്‍ പകര്‍ത്തിയത്.
കേരളീയര്‍ക്ക് അത്ര പരിചയമുള്ള രീതിയല്ല ഫേസ്ടൈം വഴിയുള്ള ഫോട്ടോഷൂട്ട്. വിദേശരാജ്യങ്ങളില്‍ ഇവ ഉപയോഗിക്കാറുണ്ട്. ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരം മോഡല്‍ തന്നെയാകും ലൊക്കേഷനും കാമറയും ലൈറ്റും സെറ്റ് ചെയ്യുക.
മോഡലിനോ കാമറാമാനോ സമയത്തിന് എത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ രീതിയില്‍ ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് ആദ്യമാണ്.
സുഹൃത്തും മിസ് സൗത്ത് ഇന്ത്യയുമായ ലക്ഷ്മി മോനോന്റെയും മോഡല്‍ റിഷിക പോളിന്റെയും ഫോട്ടോഷൂട്ടാണ് ആദ്യം നടത്തിയത്. വരുംദിനങ്ങളില്‍ ഇതേ മാര്‍ഗം ഉപയോഗിച്ച് സിനിമാതാരങ്ങളുടെ ഫോട്ടോഷൂട്ടുകള്‍ നടത്താനുള്ള പദ്ധതിയിലാണ് ഷാഫി. ഇന്‍സ്റ്റഗ്രാമില്‍ ഫേസ്ടൈം ഫോട്ടോഷൂട്ട് കണ്ട പല താരങ്ങളും ഇതിനായി ഷാഫിയെ സമീപിച്ചുകഴിഞ്ഞു.
ദക്ഷിണേന്ത്യയിലെ പല പ്രമുഖ വസ്ത്ര,സ്വര്‍ണ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങള്‍, കേരളത്തിലെ പ്രമുഖ മാഗസിനുകളില്‍ ഫാഷന്‍ കോളങ്ങളിലെ ചിത്രങ്ങള്‍ തുടങ്ങിയവ ഷാഫിയുടെ കാമറക്കണ്ണുകളില്‍ വിരിഞ്ഞവയാണ്.
അരുൺ ടോം
D