പ്രണയം പറഞ്ഞ് ദിവസങ്ങള്‍ക്കകം കാമുകിക്ക് പക്ഷാഘാതം, 30 വര്‍ഷമായി കൂട്ടിരുന്ന് കാമുകന്‍!!

ബീജിംഗ്: പ്രണയം പലപ്പോഴും പകയായും കുരുതിയായും വേദനയായും മാറുന്ന നിരവധി വാര്‍ത്തകള്‍ നമ്മള്‍ ദിവസേന എന്നോണം കേള്‍ക്കാറുണ്ട്.

ഇതിനിടയില്‍ പലപ്പോഴും യഥാര്‍ത്ഥ പ്രണയത്തിന്റെ വാര്‍ത്തകളും നമ്മളെ തേടിയെത്താറുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ചൈനയില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്നത്.

30 വര്‍ഷമായി ശരീരം തളര്‍ന്ന കാമുകിയെ പരിചരിക്കുന്ന ചൈനക്കാരന്‍ ആണ് ഈ വാര്‍ത്തയിലെ താരം. ഷൂ എന്ന ചൈനക്കാരനാണ് തന്റെ കാമുകിയെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പരിചരിച്ച് കൊണ്ടിരിക്കുന്നത്.

1992 ല്‍ ആണ് ഷൂ ഹുവാങ് എന്ന യുവതിയെ കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഷൂവിന് ഹുവാങിനെ ഇഷ്ടമായി.

ആദ്യം മടിച്ചെങ്കിലും വൈകാതെ ഷൂ, ഹുവാങിനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞു. അന്ന് 29 വയസായിരുന്നു ഷൂവിന് ഉണ്ടായിരുന്നത്.

ഹുവാങിനും ഷൂവിനെ ഇഷ്ടമായിരുന്നു. അങ്ങനെ ഇരുവരും ഉള്ളിലെ പ്രണയം പരസ്പരം പങ്കുവെച്ചു.

സന്തോഷത്തിന്റെ നാളുകളായിരുന്നു ഇരുവര്‍ക്കും അത്. അങ്ങനെയിരിക്കെ ഹുവാങിനെ തന്റെ വീട്ടുകാരേയും ബന്ധുക്കളേയും പരിചയപ്പെടുത്തണം എന്ന് ഷൂവിന് ആഗ്രഹമായി.

അതിനായി ഇരുവരും കൂടി ഒന്നിച്ച് പുറപ്പെട്ട യാത്രയാണ് പിന്നീട് ജീവിതത്തില്‍ മായ്ക്കാനാകാത്ത മുറിവ് ഇരുവര്‍ക്കും സമ്മാനിച്ചത്.

അന്ന് യാത്ര പുറപ്പെട്ട ഇരുവരുടേയും ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ഹുവാങിന് ഗുരുതര പരിക്കേറ്റു. ഹുവാങിന്റെ നട്ടെല്ലിന് ക്ഷതമേറ്റു.

ഏറെ താമസിയാതെ ഹുവാങിന്റെ കാലുകളും തളര്‍ന്ന് പക്ഷാഘാതം പിടിപെട്ടു. ഷൂവിന് കാര്യമായ പരിക്കേറ്റിരുന്നില്ല.

ഒരുമിച്ച് ജീവിതം സ്വപ്‌നം കണ്ട ഷൂ പക്ഷെ പിന്‍മാറാന്‍ തയ്യാറായില്ല. ഹുവാങിന്റെ കുടുംബമടക്കം ഷൂവിനോട് പിന്തിരിയാന്‍ ആവശ്യപ്പെട്ടെങ്കിലും ഷൂ തയ്യാറായില്ല.

ഹുവാങിനൊപ്പം ജീവിതകാലം മുഴുവന്‍ ചെലവഴിക്കുമെന്ന് താന്‍ വാക്ക് നല്‍കിയിട്ടുണ്ടെന്നും അത് നിറവേറ്റുമെന്നും ഷൂ പറഞ്ഞു.

അങ്ങനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഹുവാങിനെ ഷു തന്റെ സ്വന്തം വീട്ടിലേക്കാണ് കൊണ്ട് പോയത്.

ഹുവാങിനെ മുഴുവന്‍ സമയം പരിചരിക്കേണ്ടതിനാല്‍ മികച്ച ശമ്പളമുള്ള ജോലി പോലും ഷൂ വേണ്ടെന്ന് വെച്ചു. അന്ന് മുതല്‍ ഹുവാങിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഷൂവാണ്.

അതിനിടെ ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹത്താല്‍ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കുഞ്ഞിനെ ദത്തെടുത്തു.

കഴിഞ്ഞ ദിവസമാണ് ഇരുവരുടേയും പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയത്.

Related posts

Leave a Comment