കാട്ടാക്കട: കാട്ടാക്കട ഡിവൈഎസ്പി ഓഫീസിൽ എം.വിൻസെന്റ് എംഎൽഎയ്ക്ക് അവഗണന്ന. എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ചു.
അന്പൂരി പഞ്ചായത്ത് അംഗം ജയനെതിരെ കള്ളക്കേസെടുത്ത സംഭവം ഡിവൈഎസ്പിയെ കണ്ടു സംസാരിക്കാൻ എത്തിയപ്പോഴാണ് എംഎൽഎ എം. വിൻസെന്റിനു ഡിവൈഎസ്പിയുടെ അവഗണന നേരിടേണ്ടി വന്നത്.
അരമണിക്കൂറോളം കാത്തിരുന്ന എംഎൽഎയോട് സംസാരിക്കാൻപോലും കൂട്ടാക്കാതെ ഡിവൈഎസ്പി പുറത്തേയ്ക്കിറങ്ങിയതാണ് വൻ പ്രതിഷേധത്തിന് കാരണമായത്.
മണിക്കൂറുകളോളം എം.വിൻസെന്റ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ചു.
കള്ളക്കേസിൽ അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നും അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് എംഎൽഎയും കോൺഗ്രസ് പ്രാദേശിക നേതാക്കളും കാട്ടാക്കട ഡിവൈഎസ്പി ഓഫീസിൽ എത്തിയത്. അരമണിക്കൂറോളം കാത്തിരുന്ന എംഎൽഎയോട് സംസാരിക്കാൻപോലും കൂട്ടാക്കാതെ ഡിവൈഎസ്പി കെ.എസ്.പ്രശാന്ത് പുറത്തേയ്ക്ക് പോകാനൊരുങ്ങി.
തുടർന്ന് എംഎൽഎയുമായി സംസാരിച്ചെങ്കിലും കേസിന്റെ വിവരങ്ങൾ പറയാനോ തങ്ങളുടെ ഭാഗം കേൾക്കാനോ തയാറാകാതെ അപമര്യാദയായി പെരുമാറുകയും അധിഷേപിക്കുകയും ചെയ്തുവെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.
തുടർന്ന് ഒന്നരയോടെ എം.വിൻസെന്റ് എംഎൽഎ, കോൺഗ്രസ് നേതാക്കളായ എം.ആർ.ബൈജു, കാട്ടാക്കട സുബ്രഹ്മണ്യപിള്ള, വിജയചന്ദ്രൻ,തോമസ് മംഗലശേരി,അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വൽസല രാജ്, ശ്രീക്കുട്ടി സതീഷ്,പൊന്നെടുത്തകുഴി സത്യദാസ് എന്നിവരുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സമരം തുടങ്ങി.
ഇതിനിടയിൽ സംഭവം അറിഞ്ഞു കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തേക്ക് എത്തി. പോലീസിനും സിപിഎമ്മിനുമെതിരെ മുദ്രാവാക്യം മുഴക്കി സമരം ശക്തമാക്കി. തുടർന്ന് കെപിസിസിസി ജനറൽ സെക്രട്ടറി അഡ്വ.സുബോധനൻ, ട്രഷറർ അഡ്വ.വി.പ്രതാപചന്ദ്രൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, കോൺഗ്രസ് നേതാക്കളായ നെയ്യാറ്റിൻകര സനൽ, എ.കെ.ശശി, എൻ.ജയമോഹനൻ, ആർ.വി.രാജേഷ് എന്നിവർ എത്തിയതോടെ പ്രതിഷേധം ശക്തമായി.
ഇതിനിടയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുകയും ഗ്രാമ പഞ്ചായത്തംഗം ജയനെ ആക്രമിച്ചവർക്കെതിരെ കേസെടുക്കാമെന്നും അറസ്റ്റ് ചെയ്ത സംഭവത്തെപ്പറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി.
എങ്കിലും സമരക്കാർ ശാന്തരായില്ല. ജയനെയും കൂട്ടരെയും ജാമ്യത്തിൽ വിടുകയും അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്താലേ സമരം അവസാനിപ്പിക്കൂ എന്ന് നേതാക്കൾ പറഞ്ഞു. ഇതിനിടയിൽ അറസ്റ്റിലായ ജയൻ ഉൾപ്പടെയുള്ളവരെ കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കോടതി ജാമ്യം അനുവദിച്ചതോടെയാണ് ഡിവൈഎസ്പി ഓഫീസിനു മുന്നിലെ സമരം വൈകുന്നേരം ആറോടെ അവസാനിപ്പിച്ചത്. അതേസമയം അക്രമികളെ പിടികൂടാത്തപക്ഷം സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.