ജോജി തോമസ്
കാഞ്ഞിരപ്പള്ളി: കളിയാരവങ്ങളുടെ വസന്തകാലമാണ് മധ്യവേനൽ അവധിക്കാലം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കളിക്കളങ്ങൾ സജീവമാകുന്ന കാലം. പൊന്നുരുകുന്ന ചൂടിനോ, വേനലിൽ മിന്നലും ഇടിയുമായി എത്തുന്ന മഴയ്ക്കോ കളിക്കളങ്ങളിലെ ആരവം തടയാനായിരുന്നില്ല. ഇന്ന് സ്ഥിതിയതല്ല.
കൊറോണയും അനുബന്ധമായുണ്ടായ നിയന്ത്രണങ്ങളും മധ്യവേനൽ അവധിയെ നിശബ്ദമാക്കി. കളിക്കളങ്ങൾ ആളൊഴിഞ്ഞ് ആരവങ്ങളില്ലാതായി. അവധിക്ക് ആടിത്തിമിർക്കേണ്ട ബാല്യങ്ങൾ ലോക്ക്ഡൗണ്‍ മൂലം വീടിന്റെ ചുമലുകൾക്കുള്ളിൽ ഒതുങ്ങി. ഇത്ര ശാന്തമായ ഒരു മധ്യവേനൽ അവധിയെക്കുറിച്ച് ആർക്കും കേട്ടുകേൾവി പോലുമില്ല.
കൊറോണ എന്ന മഹാമാരിയില്ലായിരുന്നെങ്കിൽ എണ്ണമറ്റ ടൂർണമെന്റുകൾ നടക്കേണ്ട കാലമാണിത്. ക്രിക്കറ്റിലും ഫുട്ബോളിലും വോളിബോളിലും തുടങ്ങി നാടൻ പന്തുകളിയിൽ വരെ പുതിയ പ്രതിഭകൾ ഉദിച്ചുയരേണ്ട കാലം.
അങ്ങനെ എത്രയെത്ര പ്രതിഭകളുടെ വരവിനെയാണു കൊറോണ തടുത്തു നിർത്തിയത്. മഹാമാരിയെ വകവയ്ക്കാതെ ലോക്ക്ഡൗണിന്റെ ആദ്യദിനങ്ങളിൽ ഗ്രൗണ്ടിലിറങ്ങിയ കുട്ടിക്കൂട്ടങ്ങളെ പോലീസ് നല്ലബുദ്ധി ഉപദേശിച്ച് തിരിച്ചയച്ചിരുന്നു.
നഗരങ്ങളിലെ കളിക്കളങ്ങളിൽ പോലീസിന്റെ കണ്ണ് എത്തുമെങ്കിലും ഗ്രാമങ്ങളിൽ അത്യാവശ്യം സ്വാതന്ത്ര്യമുണ്ടായിരുന്നു. കൂട്ടംകൂടുന്നവരെ പിടിക്കാൻ ആകാശമാർഗം ഡ്രോണുകൾ പറക്കാൻ തുടങ്ങിയതോടെ ആ വഴിയും അടഞ്ഞു.
മധ്യവേനൽ അവധി ആഘോഷമാക്കാൻ പബ്ജി പോലുള്ള ഓണ്‍ലൈൻ ഗെയിമുകൾ വീടിന്റെയോ മരത്തിന്റെയോ തണലിലിരുന്ന് കളിക്കേണ്ട ഗതികേടിലാണ് കുട്ടിക്കൂട്ടങ്ങൾ.
ഏപ്രിൽ അവധി കൊറോണ കൊണ്ടുപോയെങ്കിലും മേയ് മാസം ആടിത്തിമിർക്കാമെന്ന പ്രതീക്ഷ കുഞ്ഞുമനസുകളിലുണ്ട്. നിയന്ത്രണങ്ങളും രോഗഭയവും ഇല്ലാത്ത കളിചിരികളുടെയും ആഘോഷത്തിന്റെയും പകലുകൾ ഉദയം ചെയ്യട്ടെ.