കോട്ടയം ജില്ലയിലെ ആനിക്കാട് മഹാലക്ഷ്മി ഗോശാല നാടൻ പശുക്കളുടെ അപൂർവ സംരക്ഷണ കേന്ദ്രമാണ്. പതിനഞ്ച് ഇനങ്ങളിൽപ്പെട്ട മുപ്പതോളം പശുക്കളും 12 കാളകളും. കൂട്ടായി വി. ഹരി എന്ന ചെറുപ്പക്കാരനും.
അദ്ദേഹത്തിന്റെ ഊണും ഉറക്കവും അവയ്ക്കൊപ്പമെന്നു പറഞ്ഞാൽ അതിശോക്തിയാവില്ല. അത്രയ്ക്കാണ് അവയുമായുള്ള പാരസ്പര്യം. ചെറുപ്പം മുതൽതന്നെ കൃഷിയോടും വളർത്തുമൃഗങ്ങളോടും പ്രത്യേക താൽപര്യമുണ്ടായിരുന്ന ഹരി, പരിസ്ഥിതി സംരക്ഷണത്തിനു ഏറെ പ്രാധാന്യം നൽകുന്നു.
വള്ളിപ്പടർപ്പുകളും വൻമരങ്ങളുമെല്ലാം അവക്കിഷ്ടമുള്ള രീതിയിൽ വളർന്നു നിൽക്കുന്ന അദ്ദേഹത്തിന്റെ ആറേക്കർ പുരയിടം അതിനു മകുടോദാഹരണം. മഹാലക്ഷ്മി ഗോശാല ശരിക്കും പശുക്കായുള്ള വീട് തന്നെയാണ്.
അല്ലലറിയാതെ തിന്നും കുടിച്ചും ഇണങ്ങിയും പിണങ്ങിയും കഴിയുന്ന പശുക്കൾ. അവയുടെ ആഹ്ലാദം ഇരട്ടിയാക്കാൻ പാട്ടുകളും. പശുക്കളുടെ കരച്ചിലിൽപ്പോലും സംഗീതം കണ്ടെത്തുന്ന ഹരി, ഗോശാലയിൽ പശുക്കൾക്കായി ഒരു മ്യൂസിക്ക് സിസ്റ്റം തന്നെ ഒരുക്കിയിട്ടുണ്ട്.
റെഡ് സിന്ധി ഇനത്തിൽപെട്ട പശുക്കുട്ടിയാണ് ഹരിയുടെ തൊഴുത്തിൽ ആദ്യമെത്തിയത്. മഹാലക്ഷ്മി എന്ന് അതിനു പേരും നൽകി. പിന്നീട് ധാരാളം പശുക്കൾ എത്തിയെങ്കിലും മഹാലക്ഷ്മിയോടുള്ള ഇഷ്ടം തെല്ല് കൂടുതലായിരുന്നു.
അങ്ങനെയാണ് ഗോശാലക്ക് മഹാലക്ഷ്മി എന്നു പേരിട്ടത്. പശുക്കളുടെ പാലിൽ നിന്നും ചാണകത്തിൽ നിന്നും നാനൂറോളം ഉത്പന്നങ്ങൾ ഹരി നിർമിക്കുന്നുണ്ട്. ഇവ ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യും. കൊതുകുതിരിക്ക് ഒരു രൂപ മാത്രമാണ് വില.
പഞ്ചഗവ്യം ഉത്പന്നങ്ങൾ, പ്രകൃതിദത്ത ഫേസ് പായ്ക്കുകൾ, ഫേസ് പൗഡർ, സ്ക്രബുകൾ, ചന്തനത്തിരി, ഡിഷ്വാഷ് എന്നിവയും ഇവിടെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. ഓണ് ലൈൻ വില്പനയാണ് കൂടുതൽ.
lbconline.co.in എന്ന വെബ്സൈറ്റിൽ കയറിയാൽ ഇവ വാങ്ങാം. പശുക്കൾക്കു പുറമെ ആട്, കോഴി, താറാവ്, വളർത്തു നായകൾ, മീനുകൾ എന്നിവയും ഹരിയുടെ വീട്ടിലുണ്ട്. വീട്ടിലെ ആവശ്യങ്ങൾക്കായുള്ള വിഷരഹിത നാടൻ പച്ചക്കറികളും ഹരി സ്വന്തമായി കൃഷി ചെയ്യുന്നു.
പരന്പരാഗത കാർഷിക ഉപകരണങ്ങളുടെ പ്രദർശനത്തിനും വില്പനയ്ക്കുമായി കളപ്പുര എന്ന പേരിൽ പൈതൃക സംരക്ഷണ കേന്ദ്രവും വീടിനോട് ചേർന്നു പ്രവർത്തിക്കുന്നുണ്ട്. ആർക്കു വേണമെങ്കിലും കളപ്പുര വഴി സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും സൗകര്യമുണ്ട്.
ഇതുവഴി കർഷകരെ സഹായിക്കുക എന്നതാണ് ഹരിയുടെ ലക്ഷ്യം. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് താമസിക്കാനായി പരന്പരാഗത ശൈലിയിലുള്ള ഹോംസ്റ്റേ സൗകര്യവുമുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മൃഗക്ഷേമ പുരസ്കാരം ഹരി മഹാലക്ഷ്മിക്കായിരുന്നു.
മികച്ച സംരക്ഷക കർഷകനുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ പുരസ്കാരം, മികച്ച യുവ കർഷകനുള്ള കൃഷി വകുപ്പിന്റെ യുവ കർഷകൻ പുരസ്കാരം എന്നിവയും ഹരിയെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ: മീര. മകൾ: മുകുന്ദ.
ഫോണ്: 9745107911
കാവ്യാ ദേവദേവൻ