തലശേരി: ന്യൂ മാഹി കുറിച്ചിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ യു.കെ.സലീം കൊലക്കേസിൽ വിചാരണ തലശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ (മൂന്ന്) ആരംഭിച്ചു.
കേസിലെ ഒന്നാം സാക്ഷി നഫ്നാസിനെ വിസ്തരിച്ചു. പോസ്റ്റർ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ തന്നെ ഇരുമ്പ് വടി കൊണ്ട് അക്രമികൾ തലക്കടിക്കുന്നത് കണ്ട് തടയാനെത്തിയ സലീമിനെ പ്രതി കോഴി ലത്തീഫ് പിന്നിൽ നിന്ന് കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് നഫ്നാസ് കോടതിയിൽ മൊഴി നൽകി.
കുത്തേറ്റ് നിലത്ത് മുട്ടുകുത്തി നിന്ന സലീം മലർന്നു വീണു. അക്രമത്തിനു ശേഷം പ്രതികൾ തലശേരി ഭാഗത്തേക്ക് ഓടിപ്പോയി. രാഷ്ട്രീയ വിരോധമാണ് അക്രമത്തിനു കാരണം.
തന്നെ അക്രമിച്ചതും കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു. അക്രമി സംഘത്തിൽ പത്ത് പേരാണുണ്ടായിരുന്നതെന്നും നഫ്നാസ് വിചാരണയിൽ പറഞ്ഞു.
കേസിലെ പ്രതികളെയും കൊലക്കുപയോഗിച്ച ആയുധങ്ങളും സാക്ഷി തിരിച്ചറിഞ്ഞു. ഓന്നാം സാക്ഷിയുടെ ക്രോസ് വിസ്താരം ഇന്ന് നടക്കും.
വാക്കുതർക്കത്തിനൊടുവിൽ
ഡിവൈഎഫ്ഐ വില്ലേജ് സമ്മേളനത്തിന്റെ പോസ്റ്റർ ന്യൂ മാഹി ഉസൻമെട്ടയിൽ പതിക്കുമ്പോഴാണ് സലിം കൊല്ലപ്പെട്ടത്. 2008 ജൂലൈ 23 ന് രാത്രി 8.15 നാണ് കേസിനാസ്പദമായ സംഭവം.
പോസ്റ്റർ പതിക്കുന്നതുമായുണ്ടായ വാക്ക് തർക്കത്തിൽ എൻഡിഎഫ് പ്രവർത്തകൻ പുന്നോൽ പ്രസ് വളപ്പിൽ സി.കെ.ലത്തീഫിന്റെ നേതൃത്വത്തിൽ അക്രമി സംഘം സലീമിനെ കുത്തിക്കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
ലോക്കൽ പോലീസിൽ നിന്നും അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് 2010ൽ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. കേസ് വിചാരണ ആരംഭിക്കാനിരിക്കെ സലിമിന്റെ പിതാവ് കെ.പി. യൂസഫ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
സലിം വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.കെ.വിശ്വനെ നിയമിച്ചതും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും നൽകിയിരുന്നു.
രണ്ട് ഹരജികളും തീർപ്പാക്കുന്നത് വരെ വിചാരണ തടയണമെന്ന് അപേക്ഷിച്ച് കേസിലെ ഒന്ന് മുതൽ 4 വരെയുള്ള പ്രതികളും ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും മൂന്ന് ഹർജികളും 2019 ഒക്ടോബറിൽ കോടതി തള്ളി.
ഇതോടെയാണ് സലിം വധക്കേസ് വിചാരണയ്ക്കുള്ള തടസങ്ങൾ നീങ്ങിയത്. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.കെ.വിശ്വനും പ്രതികൾക്കായി കാസർഗോട്ടെ ക്രിമിനൽ അഭിഭാഷകൻ അഡ്വ.സി.കെ.ശ്രീധരൻ, അഡ്വ.പി.സി. നൗഷാദ് എന്നിവരുമാണ് ഹാജരാകുന്നത്.