ന്യൂഡൽഹി: മണിപ്പുർ കലാപത്തിന്റെ പശ്ചാത്തലത്തിൽ മെയ്തെയ് സംഘടനയുടെ ഒന്പത് വ്യത്യസ്ത ഗ്രൂപ്പുകൾക്കും അനുബന്ധസംഘടനകൾക്കും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി.
മണിപ്പുർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സംഘടനകളുടെ ദേശവിരുദ്ധപ്രവർത്തനങ്ങൾക്കൊപ്പം സുരക്ഷാസേനയ്ക്കു നേരേ അടിക്കടി നടത്തുന്ന ആക്രമണങ്ങളും കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
സായുധസംഘർഷത്തിലൂടെ ഇന്ത്യയിൽനിന്ന് വേർപ്പെട്ട് സ്വതന്ത്രരാജ്യം സൃഷ്ടിക്കാനാണു സംഘടനകളുടെ ശ്രമമെന്നു കേന്ദ്രം പറയുന്നു. തിനിടെ തെരഞ്ഞെടുത്ത ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.
പിഎൽഎ എന്നറിയപ്പെടുന്ന പീപ്പിൾസ് ലിബറേഷൻ ആർമി, രാഷ്ട്രീയവിഭാഗമായ റവലൂഷനറി പീപ്പിൾസ് ഫ്രണ്ട് (ആർപിഎഫ്), യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്), സായുധവിഭാഗമായ മണിപ്പുർ പീപ്പിൾസ് ആർമി (എംപിഎ), പീപ്പിൾസ് റവലൂഷനറി പാർട്ടി ഓഫ് കംഗ്ലിപാക് (പിആർഇപിഎകെ) ഇവരുടെ സായുധവിഭാഗമായ റെഡ് ആർമി, കംഗ്ലിപാക് കമ്യൂണിസ്റ്റ് പാർട്ടി, ഇവരുടെയും സായുധവിഭാഗമായ റെഡ് ആർമി, കംഗ്ലി യോൽ കൻബ ലുപ് (കെവൈകെഎൽ), കോർഡിനേഷൻ കമ്മിറ്റി (കോർകോം) അലൈൻസ് ഫോർ സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലിപാക് (എഎസ്യുകെ) എന്നിവയെയാണ് അഞ്ചുവർഷത്തേക്കു നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കിയത്.
കഴിഞ്ഞ മേയ് മുതൽ മണിപ്പുരിൽ തുടരുന്ന വംശീയസംഘർഷത്തിൽ ഇതുവരെ 180ലേറെ ആളുകൾക്കാണ് ജീവൻ നഷ്ടമായത്. പിഎൽഎ, യുഎൻഎൽഎഫ്, പിആർഇപിഎകെ, കെസിപി, കെവൈകെഎൽ എന്നിവയ്ക്കു നേരത്തേ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ വിജ്ഞാപനത്തോടെ നിരോധനം അഞ്ചുവർഷംകൂടി നീളും.