ഓണ്‍ലൈനില്‍ പവര്‍ബാങ്ക് ഓര്‍ഡര്‍ ചെയ്ത മലപ്പുറം എടരിക്കോട് സ്വദേശി നാഷിദിന് പാര്‍സല്‍ വന്നത് മൊബൈല്‍ ഫോണ്‍. ഓണ്‍ലൈനില്‍ 1400 രൂപയുടെ പവര്‍ബാങ്ക് ഓര്‍ഡര്‍ ചെയ്തപ്പോഴാണ് 8000 രൂപയുടെ മൊബൈല്‍ ഫോണ്‍ കിട്ടിയത്.
സഹോദരി നാസ്മിന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത് നാഷിദിന്റെ ഫോണ്‍ ഉപയോഗിച്ചായിരുന്നു. ഫോണില്‍ ചാര്‍ജ് കുറയുന്ന പ്രശ്നം നേരിട്ടതോടെയാണ് നാഷിദ് പവര്‍ ബാങ്ക് വാങ്ങാന്‍ തീരുമാനിച്ചത്.
ഈ മാസം 10ന് ഓണ്‍ലൈനില്‍ പണമടച്ച് ഓര്‍ഡറും നല്കി. 15ന് വന്ന പാഴ്സല്‍ തുറന്ന് നോക്കിയപ്പോഴാണ് നാഷിദ് ശരിക്കും ഞെട്ടിയത്. 8000 രൂപ വില വരുന്ന മൊബൈല്‍ ഫോണായിരുന്നു കിട്ടിയത്.
പവര്‍ ബാങ്കിന് പകരം ഫോണ്‍ ലഭിച്ച കാര്യം നാഷിദ് ആമസോണ്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ആദ്യം കമ്പനിയില്‍ നിന്നും ഉണ്ടായത് തെറ്റുപറ്റിയതിലുള്ള ക്ഷമാപണം ആയിരുന്നു. ഫോണ്‍ തിരിച്ചയക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ സത്യസന്ധതയ്ക്കും മാന്യതയ്ക്കുമുള്ള സമ്മാനമായി ഫോണ്‍ ഉപയോഗിച്ചുകൊള്ളാനായിരുന്നു മറുപടി.
നാഷിദിന്റെ സത്യസന്ധതയ്ക്ക് അഭിനന്ദനമറിയിക്കാനും ആമസോണ്‍ മടിച്ചില്ല. സ്വാതന്ത്രദിനത്തില്‍ അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം സഹോദരിക്ക് ഓണ്‍ലൈന്‍ പഠനത്തിന് ഗുണകരമായ സന്തോഷത്തിലാണ് നാഷിദ് ഇപ്പോള്‍.