എടത്വ: പാലത്തിന് താഴെ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് യുവാക്കള്‍ മാതൃകയായി. തലവടി ഗവ. ഹൈസ്കൂള്‍ പാലത്തിന് താഴെ അടിഞ്ഞുകൂടിയ മാലിന്യം വാരിമാറ്റിയാണ് യുവാക്കള്‍ മാതൃക കാട്ടിയത്.
കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ പമ്പാനദിയുടെ കൈവഴിയായ പ്രധാന തോടിന് കുറുകെയുള്ള പാലത്തിന് താഴെയാണ് പുല്ലും, തടിക്കഷണങ്ങളും, പ്ലാസ്റ്റിക്ക് മാലിന്യവും അടിഞ്ഞുകൂടിയത്.
അരനൂറ്റാണ്ട് പിന്നിട്ട ഹൈസ്കൂള്‍ പാലത്തിന്റെ കാലുകള്‍ അപകടാവസ്ഥയിലാണ്. വെള്ളപ്പൊക്ക സീസണില്‍ പാലത്തിനു താഴെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്താണ് നാട്ടുകാര്‍ പാലത്തെ സംരക്ഷിക്കുന്നത്.
ഹയര്‍ സെക്കന്ററി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനവും, സബ് പോസ്റ്റോഫീസ്, അംഗന്‍വാടി, കൃഷി ഓഫീസ്, വിദ്യാഭ്യാസ ഉപജില്ല ഓഫീസ് തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും പാലത്തിന്റെ ഇരുകരയിലുമാണ് നില നില്‍ക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിന്റെ നേതൃത്വത്തില്‍ പാലം സംരക്ഷണ സംഘം രൂപീകരിച്ചാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യാറുള്ളത്. കെബിന്‍, രാഹുല്‍, അഭിജിത്ത് അടങ്ങിയ സംഘമാണ് ഇക്കുറി പാലത്തിന് താഴെ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തത്.