കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസിൽ മാലിന്യങ്ങൾ തള്ളുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്തുന്നതിനു നഗരസഭ സ്ക്വാഡിനെ ചുമതലപ്പെടുത്തിയതായി കോട്ടയം നഗരസഭ ചെയർപേഴ്സണ് ഡോ. പി.ആർ.സോന.
രാത്രിയിൽ മുഴുവൻ സമയവും നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സ്ക്വാഡിന്റെ സാന്നിധ്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈരയിൽക്കടവ് ബൈപ്പാസിലും സമീപ പ്രദേശങ്ങളിലും പെട്രോളിംഗ് നടത്താൻ പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മാലിന്യങ്ങൾ തള്ളുന്നവരെ പിടികൂടുന്നതിനു കാമറകൾ സ്ഥാപിക്കുന്നതിനായി പദ്ധതി തയാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നതാണ്. എന്നാൽ സർക്കാർ അനുമതി ലഭിക്കാത്തതിനാലാണ് കാമറകൾ സ്ഥാപിക്കുന്ന നടപടികൾ വൈകുന്നത്.
പദ്ധതിക്ക് അനുമതി ലഭിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ കാമറകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കുമെന്ന് ചെയർപേഴ്സണ് ഡോ. പി.ആർ. സോന രാഷ്്ട്രദീപികയോട് പറഞ്ഞു. പലപ്പോഴും നഗരസഭാ സ്ക്വാഡിന്റെയും പോലീസിന്റെയും കണ്ണുവെട്ടിച്ചാണ് സാമൂഹിക വിരുദ്ധ സംഘം മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നത്.
കഴിഞ്ഞ ദിവസം ലോഡ് കണക്കിനു മാലിന്യങ്ങളാണ് ഈരയിൽക്കടവ് ബൈപാസ് റോഡിൽ തള്ളിയത്. അർധരാത്രിയിൽ ലോറിയിലെത്തിയ സംഘം ബൈപാസ് റോഡിൽനിന്ന് എംസി റോഡിലേക്കുള്ള ഇടവഴിയിലാണു മാലിന്യം തള്ളിയത്.
റോഡിന്റെ ഇരുവശത്തും മാലിന്യം തള്ളിയതോടെ ഒരു ബൈക്കിനു മാത്രം കഷ്ടിച്ചു കടന്നു പോകാൻ പറ്റുന്ന അവസ്ഥയാണ്. മഴ പെയ്തു മാലിന്യം ചീഞ്ഞളിഞ്ഞു പ്രദേശമാകെ രൂക്ഷ ദുർഗന്ധവുയർന്നതോടെ ഇന്നലെ മാലിന്യങ്ങൾ കുഴിച്ചുമൂടുകയാണ് ചെയ്തത്്.
കോടിമതയിൽനിന്നു മൂപ്പായിക്കാട്ട് ഭാഗത്തേക്കു പോകുന്നതിനായി നൂറുകണക്കിനു യാത്രക്കാരാണ് ഈ വഴി ഉപയോഗിക്കുന്നത്. ലോറിയിലെത്തിയ സംഘം റോഡിന്റെ നടുവിൽ വണ്ടി നിർത്തി ഇരുവശത്തേക്കും മാലിന്യം തള്ളുകയായിരുന്നുവെന്ന് സംശയിക്കുന്നു.