കോതമംഗലം: വടാട്ടുപാറയിൽ ജനവാസമേഖലയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മാലിന്യം കുഴിച്ചുമൂടാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. ഉപയോഗശൂന്യമായ മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ പ്ലാസ്റ്റിക് ചാക്കുകളിലാക്കി കുഴിച്ചുമൂടാനാണ് ശ്രമം നടന്നത്.
വടാട്ടുപാറ അരീക്കാസിറ്റിക്ക് സമീപം ജനവാസമേഖലയിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് മാലിന്യം കൊണ്ടുവന്നത്.
മൂന്നു ലോഡ് മാലിന്യം ഇവിടെ കുഴിയിൽ തള്ളിയശേഷം മണ്ണിട്ട് മൂടാൻ ശ്രമിക്കവേ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
അതോടെ നാട്ടുകാർ ഇടപെട്ട് കുഴിമൂടുന്നത് തടഞ്ഞു. ജലസ്രോതസുകൾക്കു സമീപത്താണ് മാലിന്യം തള്ളിയത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് കടന്നാണു കെമിക്കലുകളടങ്ങിയ മാലിന്യങ്ങൾ നിറച്ച വണ്ടികൾ വടാട്ടുപാറയിലെത്തിയത്.
ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയിരുന്നെങ്കിൽ മാലിന്യം കടത്തുന്നത് തടയാനാകുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മത്സ്യക്കുളത്തിനെന്ന പേരിലാണ് സ്ഥലമുടമ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തത്.
മാലിന്യം തള്ളിയശേഷമാണ് കബളിപ്പിക്കപ്പെട്ടവിവരം അറിഞ്ഞതെന്നു നാട്ടുകാർ പറഞ്ഞു. കുട്ടന്പുഴ എസ്ഐ ശശികുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.