സഹപ്രവര്‍ത്തകന്റെ അമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വെള്ളയില്‍ സ്വദേശി അറസ്റ്റില്‍. നാലുകുടിപറമ്പ് അജ്മല്‍ കെ പി (30) ആണ് പിടിയിലായത്.
പെയിന്റിംഗ് തൊഴിലാളിയായ അജ്മല്‍ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ള കേസില്‍ കുടുക്കുമെന്നും, കൊല്ലുമെന്നും ഭീഷണി പെടുത്തിയാണ് യുവാവിന്റെ അമ്മയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്.
മെഡിക്കല്‍ കോളേജിലുള്ള ലോഡ്ജുകളിലും മറ്റ് പലയിടങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി.
അജ്മല്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ്. കോഴിക്കോട് ജില്ലയില്‍ അടുത്ത് പിടിയിലായ മയക്കുമരുന്ന് കേസില്‍പ്പെട്ട പ്രതികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ഡാന്‍ സാഫ് ടീം അന്വേഷിച്ചതില്‍ നിന്നും മനസിലായിട്ടുണ്ട്.
ഏകദേശം ഒരു വര്‍ഷത്തോളമായി പീഡനം തുടങ്ങിയിട്ടെന്നും പോലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ പല രീതിയിലുള്ള ഫോട്ടോ ഉണ്ടെന്നും പറഞ്ഞ് ഭീഷണി പെടുത്തി വീണ്ടും പീഡനം നടത്തിയതായും പോലീസ് പറഞ്ഞു.
അവസാനം പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വിവരങ്ങള്‍ കുടുംബത്തെ അറിയിച്ച് വീട്ടമ്മ പോലീസില്‍ പരാതി നല്‍കുന്നത്. അജ്മലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്‍സ്പെക്ടര്‍ ബെന്നി ലാലു എം എലിന്റെ നേത്യത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പൊലീസും കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
മെഡിക്കല്‍ കോളേജ് അസി. കമ്മീഷണര്‍ സുദര്ശന് ലഭിച്ച രഹസ്യ വിവരത്തിലാണ് വെള്ളയില്‍ ഭാഗത്ത് നിന്നും അജ്മലിനെ കസ്റ്റഡിയില്‍ എടുത്തത്.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപാല്‍, വിനോദ്, സന്ദീപ്, ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്ത്, അസി. സബ് ഇന്‍സ്പെക്ടര്‍ അബ്ദുറഹിമാന് , അഖിലേഷ് കെ , അനീഷ് മൂസേന്‍വീട് ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.