കോട്ടയം: ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സ്വകാര്യ ബസ്സിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരൻ പോലീസ് പിടിയിൽ. പോക്സോ നിയമപ്രകാരം പ്ലാശനാല്‍ കൊച്ചുപുരയ്ക്കല്‍ ആര്.വി.രാജീവിനെ (43) ആണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റുചെയ്തത്.
കുന്നോന്നി ടൗണ്‍ ഭാഗത്ത് കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനായി നിര്‍ത്തിയിട്ടപ്പോള്‍ ബസിനുള്ളില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന പെൺകുട്ടിയ്ക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ പിൻമാറി. തുടർന്ന് കുട്ടി വീട്ടിൽ വിവരം അറിയിക്കുകയും മതാപിതാക്കൾ പോലീസിൽ പരാതി നൽകുകയമായിരുന്നു.
പിന്നാലെ ഈരാറ്റുപേട്ട സ്റ്റേഷന് എസ്.എച്ച്.ഒ. ഉമറുല്‍ ഫാറൂഖ്, എസ്.ഐ.മാരായ വിഷ്ണുദേവ്, ഷാബുമോന് ജോസഫ്, ഇഖ്ബാല്‍, സി.പി.ഒ.മാരായ കെ.ആര്.ജിനു, പ്രദീപ് എം.ഗോപാല്‍, ഷാനവാസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.