അഞ്ചാം വിവാഹത്തിനൊരുങ്ങിയ മധ്യവയസ്കന്റെ സ്വപ്നം തകര്‍ത്ത് ഭാര്യമാരും മക്കളും. ഉത്തര്‍പ്രദേശിലെ സീതാപുരിലായിരുന്നു സംഭവം.
ഷാഫി അഹമ്മദ് എന്ന 55കാരനാണ് മുന്‍പ് നാലുതവണ വിവാഹിതനാണെന്ന കാര്യ മറച്ചുവച്ച് അഞ്ചാമതും വിവാഹത്തിനൊരുങ്ങിയത്.
വിവരം പുറത്തായതോടെ വരനെ വിവാഹ വേദിയില്‍ വച്ച് തന്നെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയായിരുന്നു വിവാഹച്ചടങ്ങ്.
ചടങ്ങുകള്‍ പുരോഗമിക്കെ അച്ഛന്റെ അഞ്ചാം വിവാഹം തടയാന്‍ ഏഴുമക്കളും അമ്മമാര്‍ക്കൊപ്പം വേദിയിലേക്കെത്തി.
തുടര്‍ന്ന് വധുവിന്റെ വീട്ടുകാരെ മക്കള്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് വരന് വിവാഹത്തട്ടിപ്പുകാരനാണെന്ന് വെളിപ്പെട്ടത്.
വിവരമറിഞ്ഞ വധു വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ വധുവിന്റെ ബന്ധുക്കള്‍ മണവാളനെ പഞ്ഞിക്കിടുകയും ചെയ്തു. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ആദ്യ രണ്ട് വിവാഹത്തിലും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ ഇയാള്‍ രഹസ്യമായാണ് മൂന്നാമതും നാലാമതും വിവാഹിതനായതെന്ന് മക്കള്‍ ആരോപിക്കുന്നു.
മക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതെന്നും കോത്ത്വാലി പോലീസ് ഇന്‍സ്പെക്ടര്‍ തേജ് പ്രകാശ് സിങ് പറഞ്ഞു.