മണർകാട്: ക്രൗണ്‍ ക്ലബിലെ ചീട്ടുകളിക്ക് ഒത്താശ ചെയ്ത പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്തെങ്കിലും ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ അഞ്ചു പോലീസുകാർക്കെതിരെ നടപടിയായില്ല.
മണർകാട് ക്രൗണ്‍ ക്ലബിൽനിന്നും 18 ലക്ഷം രൂപ ചീട്ടുകളി പിടികൂടിയ സംഭവത്തിൽ പോലീസിനെ ഒറ്റിയ കേസിലാണ് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന രതീഷ്കുമാറിനെ ദക്ഷിണ മേഖല റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി സസ്പെൻഡ് ചെയ്തത്.
രതീഷ് കുമാർ വീഴ്ച വരുത്തിയെന്ന ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ തിങ്കളാഴ്ച രതീഷിനെ മണർകാട് സ്റ്റേഷനിൽനിന്നു ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. മണർകാട് പോലീസ് സ്റ്റേഷന്റെ അടുത്തു പ്രവർത്തിക്കുന്ന ചീട്ടുകളി ക്ലബിൽ റെയ്ഡ് ചെയ്യാൻ പോകുന്ന വിവരം ക്ലബ് ഉടമകളെ മുൻകൂട്ടി അറിയിച്ചു എന്നതാണ് രതീഷ് കുമാറിനെതിരായ ആരോപണം.
മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന രതീഷ്കുമാറും, മണർകാട് ക്രൗണ്‍ ക്ലബ് പ്രസിഡന്റ് മണർകാട് മാലം വാവത്തിൽ കെ.വി. സുരേഷും (മാലം സുരേഷ്) തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നതിനു പിന്നാലെയാണ് രതീഷ്കുമാറിനെതിരേ ജില്ലാ പോലീസ് ചീഫ് ജി. ജയ്ദേവ് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയും, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും നടത്തിയ അന്വേഷണത്തിൽ രതീഷ്കുമാർ കുറ്റക്കാരൻ ആണെന്നു കണ്ടെത്തിയിരുന്നു.
ഫോണ്‍ സംഭാഷണം തന്റേതാണെന്നു രതീഷ് അന്വേഷണ ഉദ്യോഗസ്ഥനോടു സമ്മതിച്ചു. റെയ്ഡിനു ശേഷവും ഫോണ്‍ വിളിക്കുകയും കേസ് അട്ടിമറിക്കുന്നതിന് ഹൈക്കോടതിയിൽ കേസ് കൊടുക്കാൻ നിർദേശം നൽകുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
സ്റ്റേഷൻ ഹൗസ് ഓഫീസർക്കു പുറമേ മണർകാട് സ്റ്റേഷനിലെ അഞ്ചു പോലീസ് ഉദ്യോഗസ്ഥർക്കും ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
ഡിവൈഎസ്പിമാരായ അനീഷ് വി. കോര, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ, പാന്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു. ശ്രീജിത്ത്, ഇപ്പോൾ സസ്പെൻഷനിലായ മണർകാട് മുൻഎസ്എച്ച്ഒ രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്രൗണ്‍ ക്ലബിൽ റെയ്ഡ് നടത്തിയത്.
കഴിഞ്ഞ 11നു മണർകാട്ടെ ക്ലബിൽ നടന്ന റെയ്ഡിൽ 17.88 ലക്ഷം രൂപ പിടിക്കുകയും ചീട്ടുകളിച്ച 43 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ പ്രതി ചേർത്ത ക്ലബ് സെക്രട്ടറി മാലം സുരേഷിനെയും പ്രസിഡന്റ് കെ.വി. സന്തോഷിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.