പാന്പാടി: കോത്തലയിൽനിന്നും പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ തിരോധാനത്തിനു പിന്നിൽ പ്രണയ ഒളിച്ചോട്ടമെന്നു സംശയം. ഇവർക്കു പരിചയമുള്ള രണ്ടു വിദ്യാർഥികളെയും സ്ഥലത്തുനിന്നും കാണാതായിട്ടുണ്ട്.
കോത്തല, കളക്ടറേറ്റ് എന്നിവിടങ്ങളിലുള്ള രണ്ടു വിദ്യാർഥികളെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് 16, 17 വയസുള്ള പെണ്‍കുട്ടികളെ കോത്തലയിൽനിന്ന് കാണാതായത്. ഇന്നലെ കുട്ടികൾക്ക് ക്ലാസില്ലാത്തതിനാൽ ഇരുവരും വീട്ടിൽ തന്നെയായിരുന്നു.
ഇവരുടെ മാതാവ് ജോലിക്കു പോയതിനു ശേഷമാണ് ഇരുവരേയും കാണാതാകുന്നത്. തുടർന്നു വീട്ടുകാർ പാന്പാടി പോലീസിൽ പരാതി നൽകി.
ഉച്ചകഴിഞ്ഞു കോട്ടയം റെയിൽവേ സ്റ്റേഷന്റെ സമീപത്ത് ഇരുവരേയും സിസിടിവിയിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ കോട്ടയത്തുനിന്നുള്ള ബാംഗ്ലൂർ ട്രെയിനിൽ കയറിയെന്നു പോലീസിന് വിവരം ലഭിച്ചു.
പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവരെ തന്നെയാണോ സിസിടിവിയിൽ കണ്ടെത്തിയത് എന്നതു സംബന്ധിച്ചും വ്യക്തതയില്ല.
പാന്പാടി സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് വ്യാപകമായ പരിശോധന നടത്തുന്നുണ്ട്.