കേണിച്ചിറ: മണിയുടെ ഘാതകരെ കണ്ടെത്തി നിയമത്തിനു മുന്നിൽ നിർത്തിയതിൽ ക്രൈംബ്രാഞ്ചിനു നന്ദി പറഞ്ഞു കുടുംബം. മണി കൊല്ലപ്പെടുകയായിരുന്നുവെന്നു പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞെങ്കിലും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നില്ലെങ്കിൽ പ്രതികൾ പിടിയിലാകുമായിരുന്നില്ലെന്നു മണിയുടെ ഭാര്യ തങ്ക പറഞ്ഞു. രണ്ടു വർഷത്തോളം ലോക്കൽ പോലീസ് അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.
കമുകുതോട്ടത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കുടുംബവഴക്കിനെത്തുടർന്ന് മണി ആത്മഹത്യ ചെയ്തുവെന്നാണ് പ്രചാരണം ഉണ്ടായത്. മണിയുടെ ഘാതകർക്കു ശിക്ഷ ഉറപ്പുവരുത്തണമെന്നും നിലവിൽ അരിമുള പാൽനട കോളനിയിലെ വീട്ടിൽ മക്കൾക്കൊപ്പം താമസിക്കുന്ന തങ്ക പറഞ്ഞു.
പ്രയാസപ്പെട്ടാണ് തങ്കയുടെയും മക്കളുടെയും ജീവിതം. മകൻ ദിപിനു 19 വയസുണ്ടെങ്കിലും രോഗിയായിതിനാൽ ജോലിക്കുപോകാൻ കഴിയുന്നില്ല. തങ്കയും രോഗിയാണ്.
സാന്പത്തിക പ്രയാസംമൂലം മകൾ ദീപ രണ്ടു വർഷം മുന്പ് ഒന്പതാം ക്ലാസിൽ പഠനം നിർത്തി. ദീപ തൊഴിലുറപ്പു ജോലിക്കുപോയി കിട്ടുന്ന വരുമാനമാണ് കുടുംബത്തിനു ഉപജീവനത്തിനു മുഖ്യ ആശ്രയം.