ഇംഫാൽ: മണിപ്പുരിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നു മിസോറമിന്റെ പുതിയ മുഖ്യമന്ത്രിയായ ലാൽദുഹോമയോട് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്.
അയൽ സംസ്ഥാനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മറ്റുള്ളവർക്ക് സാധ്യമായ സഹായം നൽകാം. എന്നാൽ, ഒരു സംസ്ഥാനം മറ്റൊരു സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽനിന്നു വിട്ടുനിൽക്കണമെന്നു ബീരേൻ സിംഗ് പറഞ്ഞു.
മോറെയിലെ മണിപ്പുർ നിവാസികളെ സംബന്ധിച്ച് മിസോറം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് ബിരേൻ സിംഗിനെ ചൊടിപ്പിച്ചത്. സംസ്ഥാനത്ത് നടക്കുന്നത് ആഭ്യന്തര കാര്യമാണെന്നും അത് സംസ്ഥാനംതന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന നൂപി ലാൽ നുമിത് അനുസ്മരണ ചടങ്ങിലാണ് ബിരേൻ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.