കൊരട്ടി: മലേഷ്യയിൽ നിന്നും നെടുന്പാശേരിയിലെത്തിയ അസുഖബാധിതനായ പ്രവാസി പ്രീപെയ്ഡ് ടാക്സി പിടിച്ച് അദ്ദേഹത്തിന്റെ തിരുമുടിക്കുന്നിലെ വീട്ടിലെത്തി.
നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരുടെ വീഴ്ചയാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. ഇന്നലെ വെളുപ്പിന് ഒന്നരയോടെ കോലാലംന്പൂരിൽ നിന്നുള്ള വിമാനത്തിലാണ് ഇയാൾ നെടുന്പാശേരിയിലെത്തിയത്.
അസുഖബാധിതനായാണ് ഇദ്ദേഹം എത്തുന്നതെന്നറിഞ്ഞ കൊരട്ടിയിലെ ആരോഗ്യ പ്രവർത്തകർ വീട്ടിലുള്ളവർക്ക് കൃത്യമായ മാർഗനിർദേശം നൽകിയിരുന്നു. വിമാനം ഇറങ്ങുന്പോൾ തന്നെ എൻഎച്ച്എം അധികൃതരെ അസുഖവിവരം അറിയിക്കണം എന്നും നിർദേശിച്ചിരുന്നു.
അസുഖമില്ലാതെ വിദേശത്ത് നിന്നെത്തുന്നവരെ പോലും നിർബന്ധമായും ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റയിലേക്ക് മാറ്റണമെന്ന നിബന്ധന കർശനമായിരിക്കെ സുഖമില്ലാത്തയാളെ നിരുത്തരവാദപരമായി ടാക്സിയിൽ വീട്ടിലേക്കയച്ചത് ഗുരുതരമായ വീഴ്ചയാണെന്നാണ് നാട്ടുകാർ പറയുന്നത്.
വീട്ടിലെത്തിയ ഇയാളുടെ കൈകാലുകൾക്ക് നീരുണ്ട്. മലേഷ്യയിൽ ഡോക്ടറെ കണ്ടപ്പോൾ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണെന്നാണ് ഡോക്ടർ പറഞ്ഞതത്രേ.
അഞ്ചു മണിക്കൂർ എയർപോർട്ടിലേക്കും അഞ്ചു മണിക്കൂറോളം വിമാനയാത്രക്കും വേണ്ടി വന്നതോടെ ശാരീരികമായി ബുദ്ധിമുട്ടിലായിരുന്നു ഇയാൾ.
വീട്ടിൽ സൗകര്യമില്ലാത്തതിനാലും ജനസാന്ദ്രതയേറിയ കോളനിയിലാണ് താമസമെന്നതിനാലും കൊരട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ. രാധാകൃഷ്ണനും എ.ആർ. രമ്യയും സ്ഥലത്തെത്തി തുടർ നടപടികൾക്കു നേതൃത്വം നൽകി.
സംഭവമറിഞ്ഞതിനെ തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെ നോഡൽ ഓഫീസർ ഡോ. നോബിയുടെ നിർദേശാനുസരണം ആംബുലൻസ് തിരുമുടിക്കുന്നിലെത്തിച്ച് ഇയാളെ തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
ക്ഷീണിതനായ ഇയാൾ കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് വാഹനത്തിൽ കയറിയത്. തുടർന്ന് ഇയാളുമായി സന്പർക്കം പുലർത്തിയ അച്ഛനോടും സഹോദര കുടുംബത്തോടും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ട്.