അടിമാലി: കഴിഞ്ഞ ദിവസം മാങ്കുളത്തിന്റെ പുലിമുരുകന്റെ കത്തിക്കിരയായി ഒരു പുലി വീണെങ്കിലും ഒട്ടും ആശ്വസിക്കാൻ വകയില്ലെന്ന വിലയിരുത്തലിലാണ് ഹൈറേഞ്ച് മേഖല. മാങ്കുളം, മൂന്നാർ, മറയൂർ, പള്ളിവാസൽ, ചിന്നക്കനാൽ ഉൾപ്പെടെയുള്ള ആദിവാസി, തോട്ടം മേഖലകളിൽ കഴിഞ്ഞ മാസങ്ങളിൽ പുലിശല്യം രൂക്ഷമായിരുന്നു.
ഒരു പുലിയല്ല ഇവിടങ്ങളിൽ വിലസുന്നതെന്നു തൊഴിലാളികൾ പറയുന്നു. മാങ്കുളത്തെ ആദിവാസി കർഷകനായ ഗോപാലനെ പുലി ആക്രമിച്ചതോടെ ഏതു നിമിഷവും മറ്റിടങ്ങളിലും ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങൾ.
പുറത്തിറങ്ങാനും പേടി
പുലി ശല്യമുള്ള മേഖലകളിൽ പുറത്തിറങ്ങാൻ പോലും പലർക്കും ഭയമാണ്. സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങളെ ഓർത്താണ് രക്ഷിതാക്കൾക്ക് ആധി ഏറെയും.
കഴിഞ്ഞ ദിവസം അമ്പതാം മൈലിലെ ഒരു വീട്ടിലെ കോഴിക്കൂട്ടിൽ ഒരു പുലി കുടുങ്ങിയിരുന്നു. കൂടിന്റെ വല പൊട്ടിച്ച് ഇതു രക്ഷപ്പെടുകയും ചെയ്തു.
ശനിയാഴ്ച മാങ്കുളം ചിക്കണംകുടിയിൽ ഗോപാലന്റെ വെട്ടേറ്റു ചത്തത് ഈ പുലിയല്ലെന്നാണ് നാട്ടുകാർ പറയുന്നത്. പുലിയെ വെട്ടിയ യുവാവിനെതിരേ ഏതെങ്കിലും തരത്തിൽ വനംവകുപ്പ് കേസെടുത്താൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ പറയുന്നു.
പുലി വന്നവഴിയേത്?
1950-60 കാലഘട്ടത്തിലാണ് മാങ്കുളത്തു കുടിയേറ്റം ആരംഭിച്ചത്. കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി മേഖലയിൽനിന്നുള്ളവരായിരുന്നു കുടിയേറ്റക്കാരിൽ കൂടുതലും.
ആനയും കാട്ടുപന്നിയും പോലുള്ള മൃഗങ്ങളെ പലരും കണ്ടിട്ടുണ്ട്. എന്നാൽ, ഇക്കാലത്തിനിടയ്ക്കു പുലിയെ അങ്ങനെ ആരും കണ്ടിരുന്നില്ല.
രണ്ടു വർഷമേ ആയിട്ടുള്ളൂ പുലിയുടെ സാന്നിധ്യം പെട്ടെന്നു മേഖലയിൽ കണ്ടുതുടങ്ങിയിട്ടെന്ന് ആദ്യകാല കർഷകനായ മാത്തൻ പാപ്പൻ പറയുന്നു.
മറ്റെവിടെ നിന്നെങ്കിലും കെണിവച്ചു പിടിക്കുന്ന പുലികളെ വനംവകുപ്പ് ഇവിടെ കൊണ്ടുവിടുന്നതാണോ പുലി പെട്ടെന്നു പ്രത്യക്ഷപ്പെടാൻ കാരണമെന്ന സംശയം നാട്ടുകാരിൽ പലർക്കുമുണ്ട്.
രാത്രികാലങ്ങളിൽ വനംവകുപ്പിന്റെ മൂടിക്കെട്ടിയ വാഹനങ്ങൾ ഇവിടേക്കെത്തുന്നതും നാട്ടുകാർ കണ്ടിട്ടുണ്ട്. ഇതാണ് സംശയത്തിനു കാരണം.
തോട്ടങ്ങളിൽ ഭീതി
കുട്ടികളെ സ്കൂളിൽ വിടാനും ഏലത്തോട്ടത്തിലും മറ്റു കൃഷിയിടങ്ങളിലും ജോലി ചെയ്യാനും ഭയത്തോടെയാണ് നാട്ടുകാർ ഇറങ്ങുന്നത്.
മൂന്നാറിൽ തേയിലത്തോട്ടത്തിൽ തൊഴിലാളികളുടെ ഇടയിലേക്കു പുലി ചാടി വീണതും പല ഭാഗങ്ങളിൽ പുലിയുടെ സന്നിധ്യം ഉണ്ടായതുമാണ് ഭീതിക്കു കാരണം.
സന്ധ്യയാകുന്നതോടെ ടൗൺ വിജനമാകും. സർക്കാർ ഉദ്യോഗസ്ഥർക്കും മേഖലയിൽ ജോലി ചെയ്യാൻ മടിയാണ്. പലരും സ്ഥലംമാറ്റം വാങ്ങിയും ദീർഘകാല അവധിയെടുത്തും പോകുന്ന സ്ഥിതിയാണ്. അതിനാൽ ആരോഗ്യമേഖല അടക്കം പ്രതിസന്ധിയിലുമാണ്.