ഒരു സമയത്ത് മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായിരുന്നു നടി മന്യ. ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം ആക്ടീവാണ്.
കുഞ്ഞിക്കൂനന് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിലീപിനെ തിരിച്ചറിയാതെ പോയ നിമിഷത്തെ കുറിച്ചാണ് മന്യ ഇപ്പോള്‍ പറയുന്നത്.
താന്‍ കുഞ്ഞിക്കൂനന്റെ സെറ്റില്‍ ആദ്യം പോയപ്പോള്‍ ദിലീപേട്ടനെ തിരിച്ചറിഞ്ഞില്ല എന്ന് മന്യ പറയുന്നു. അദ്ദേഹം കുഞ്ഞിക്കൂനനായുളള മേക്കോവറിലായിരുന്നു.
സെറ്റില്‍ വെച്ച് താന്‍ ദിലീപേട്ടനെ മറികടന്ന് നടന്നു. ചിത്രത്തിലെ കഥാപാത്രത്തിനായി ആ ഒരു ശരീരഭാഷ ലഭിക്കാന്‍ മണിക്കൂറുകളോളം വളരെ ക്ഷമയോടെ ദിലീപേട്ടന് പ്രോസ്തെറ്റിക്ക് മേക്കപ്പിനായി ഇരുന്നു കൊടുത്തിരുന്നു.
ആ കഥാപാത്രത്തിനായി അദ്ദേഹം തന്റെ എറ്റവും മികച്ചത് തന്നെയാണ് പുറത്തെടുത്തത്. കുഞ്ഞിക്കൂനന് പല ഭാഷകളിലായി റീമേക്ക് ചെയ്തെങ്കിലും ദിലീപേട്ടന് തന്നെയാണ് എറ്റവും മികച്ചത്.
അദ്ദേഹം വളരെയധികം സമര്‍പ്പണത്തോടെയാണ് ആ റോള്‍ ചെയ്തത് എന്നും മന്യ ഇ-ടൈംസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദിലീപ് ഡബിള്‍ റോളില്‍ എത്തിയ ചിത്രത്തില്‍ പ്രസാദ് എന്ന കഥാപാത്രത്തിന്റെ കാമുകി ലക്ഷ്മിയെയാണ് മന്യ അവതരിപ്പിച്ചത്. 2002ല്‍ പുറത്തിറങ്ങിയ ചിത്രം ശശിശങ്കര്‍ ആണ് സംവിധാനം ചെയ്തത്.
നവ്യ നായര്‍ ആയിരുന്നു ചിത്രത്തിലെ മറ്റൊരു നായിക. സായ്കുമാര്, കൊച്ചിന് ഹനീഫ, സലിംകുമാര്‍, മച്ചാന് വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.
വണ്‍മാന്‍ഷോ, വക്കാലത്ത് നാരായണന് കുട്ടി, രാക്ഷസരാജാവ്, പതിനൊന്നില്‍ വ്യാഴം തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തില്‍ മന്യയുടെ പ്രധാനചിത്രങ്ങള്‍.