ഇരിട്ടി: കർണാടകയിലെ വനമേഖലയിൽ അവശേഷിക്കുന്ന മാവോയിസ്റ്റുകളെ തീവ്രവാദത്തിൽനിന്നു മാറ്റിയെടുത്ത് മുഖ്യധാരയിലേക്ക് എത്തിക്കാൻ സർക്കാർ നീക്കം ആരംഭിച്ചതായി സൂചന. ഇതുമായി ബന്ധപ്പെട്ട് അനൗദ്യോഗക ചർച്ചകൾ നടക്കുന്നതായാണ് വിവരം. കർണാടകയിൽ പുതിയ കീഴടങ്ങൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിതെന്നും പറയുന്നു.
ആന്റി നക്സൽ സേന ശക്തമായ നടപടികൾ ആരംഭിച്ചതോടെ വിക്രം ഗൗഡ ഉൾപ്പെടെയുള്ളവരെ നഷ്ടപ്പെട്ട കർണാടകയിലെ മാവോയിസ്റ്റുകളിൽ പലരും സർക്കാർ നിലപാടിനോട് യോജിക്കുന്ന നിലപാടാണ് പുലർത്തുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മുഖ്യധാരയിലേക്ക് എത്തിയ മുൻ മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ളവരെ ഉപയോഗപ്പെടുത്തിയാണ് സർക്കാർ ഇവരുമായി ബന്ധപ്പെടുന്നത്. വിവിധ കേന്ദ്രങ്ങളുമായി രഹസ്യ ചർച്ചകളും നടക്കുന്നുണ്ട്.
കർണാടകയിൽ ശൃംഗേരിയിലാണ് അവസാനമായി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.മാവോയിസ്റ്റ് ഗ്രൂപ്പിലെ മുതിർന്ന കമാൻഡർ ജയണ്ണയ്ക്ക് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ ലതയാണ് പുതിയ കമാൻഡർ എന്നാണ് പോലീസ് റിപ്പോർട്ട്. മാവോയിസ്റ്റുകൾക്ക് കേന്ദ്ര കമ്മിറ്റിയുമായുള്ള വാർത്താവിനിമയം നഷ്ടപ്പെട്ടിരിക്കുകയാണെന്നും നേതാവില്ലാത്ത സംഘം ഒറ്റപ്പെട്ടിരിക്കുകയാണെന്നുമാണ് കർണാടക പോലീസ് പറയുന്നത്.
ഈ സാഹചര്യത്തിലാണ് മാവോയിസ്റ്റുകൾ ഒത്തുതീർപ്പ് വ്യവസ്ഥയിലേക്ക് നീങ്ങുന്നതെന്നും സൂചനയുണ്ട്. കേരളത്തിലെ വനത്തിൽനിന്ന് പിന്മാറിയ ഏഴുപേരടങ്ങുന്ന ഒരു മാവോയിസ്റ്റ് സംഘം മാത്രമാണ് കർണാടക വനത്തിൽ അവശേഷിക്കുന്നതെന്നാണ് നിഗമനം.