കോഴിക്കോട്: കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ. നവംബർ 13ന് രാവിലെ 9:50 നായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.
കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് തിരുനെല്ലിയിൽ പതിച്ച പോസ്റ്ററിൽ മാവോയിസ്റ്റുകൾ പറയുന്നു.പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരംവീട്ടുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു. തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്റ്റർ പതിച്ചത്. ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയിൽ എത്തിയത്.
ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലിൽ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട് വ്യക്തതയുണ്ടായിരുന്നില്ല.
ഇപ്പോള്‍ പോസ്റ്റര്‍ പതിച്ചതോടെയാണ് ഒരാള്‍ മരണപ്പെട്ടുവെന്ന വിവരം പുറംലോകം അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ പോലീസോ തണ്ടര്‍ ബോള്‍ട്ടോ തയാറായിടരുന്നില്ല. ചുറ്റും കാടുള്ള ഈ സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായപ്പോള്‍ മാവോയിസ്റ്റ് സംഘം രക്ഷപ്പെട്ടുവെന്നായിരുന്നു പോലീസ് വ്യക്തമാക്കിയിരുന്നത്.