ദന്തേവാഡ: രണ്ടു സംസ്ഥാനങ്ങൾ 45 ലക്ഷം രൂപ വിലയിട്ട മുതിർന്ന വനിതാ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.ഗുമ്മഡിവേലി രേണുകയാണ് ബസ്തർ മേഖലയിൽ കൊല്ലപ്പെട്ടത്. ഇവരുടെ തലയ്ക്ക് ഛത്തീസ്ഗഡ് 25 ലക്ഷം രൂപയും തെലുങ്കാന 20 ലക്ഷം രൂപയും വിലയിട്ടിരുന്നു.
ഇന്നലെ രാവിലെ ഒന്പതോടെ ദന്തേവാഡ-ബിജാപുർ ജില്ലകളുടെ അതിർത്തിയായ വനമേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ടു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ രേണുകയുടെ മൃതദേഹം ഡിആർജി സംഘം കണ്ടെടുത്തു. ഒരു ഇൻസാസ് റൈഫിൾ, സ്ഫോടകവസ്തുക്കൾ, ലാപ്ടോപ്പ്, മാവോയിസ്റ്റ് ലഘുലേഖകൾ എന്നിവയും ഏറ്റുമുട്ടൽസ്ഥലത്തുനിന്നു കണ്ടെടുത്തു.
മാവോയിസ്റ്റുകളുടെ ഏറ്റവും പ്രബല വിഭാഗമായ ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റി അംഗമായ രേണുക 1996 മുതൽ സിപിഐ(മാവോയിസ്റ്റ്) അംഗമാണ്.ഭാനു, ചായ്തേ, സരസ്വതി, ദമയന്തി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന രേണുക തെലുങ്കാന വാറങ്കലിലെ കഡ്വേന്ദി ഗ്രാമക്കാരിയാണ്.
2003ൽ മാവോയിസ്റ്റ് സംഘടനയുടെ ഡിവിഷണൽ കമ്മിറ്റി അംഗമായ രേണുക മുതിർന്ന നേതാക്കളായ സ്പെഷൽ സോണൽ കമ്മിറ്റി (എസ്സെഡ്സി) അംഗം കൃഷ്ണ അണ്ണ, കേന്ദ്ര കമ്മിറ്റി അംഗം ദുല ദാദ, എസ്സെഡ്സി അംഗം രാമണ്ണ എന്നിവർക്കൊപ്പം പ്രവർത്തിച്ചു.
2020ൽ കോവിഡ് മൂലം രാമണ്ണ മരിച്ചപ്പോൾ രേണുക എസ്സെഡ്സി അംഗമായി ഉയർത്തപ്പെട്ടു. 2005ൽ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം രവി എന്നറിയപ്പെടുന്ന ശങ്കമുരി അപ്പാറാവുവിനെ രേണുക വിവാഹം ചെയ്തു. 2010ൽ ആന്ധ്രപ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ അപ്പാറാവു കൊല്ലപ്പെട്ടു.
ഛത്തീസ്ഗഡിൽ ഈ വർഷം 135 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഇവരിൽ 119 പേർ കൊല്ലപ്പെട്ടത് ബസ്തർ ഡിവിഷനിലായിരുന്നു.