കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരളത്തിലെ ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയേയും അദ്ദേഹം തിരിച്ച് അവരെയും സ്നേഹിച്ചെന്നും കര്‍ദിനാള്‍ പ്രസ്താവനയില്‍ അറിയിച്ചു.
അമ്പത്തിമൂന്ന് വര്‍ഷം എംഎല്‍എ എന്ന നിലയിലും രണ്ട് പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളില്‍ ആഴമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഇടയിലെ ആചാര്യനാണ് അദ്ദേഹം. ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ട് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
രാഷ്ട്രീയ പ്രതിയോഗികളോട് പോലും ഒരിക്കലും പ്രതികാരചിന്ത പുലര്‍ത്താത്ത നേതാവാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പരിഹാരം കാണാന്‍ ശ്രമിച്ചു.
അപരിഹാര്യമായ പ്രശ്നങ്ങളില്‍ ദൈവഹിതത്തിന് അവയെ വിട്ടുകൊടുത്തു. പുതുപ്പള്ളിയും കേരളവും അദ്ദേഹത്തിന്റെ സുഹൃത്തുവലയവും ഉമ്മന്‍ ചാണ്ടിയെ തങ്ങളുടെ സ്മരണയില്‍ എന്നും നിലനിര്‍ത്തുമെന്നതില്‍ സംശയമില്ലെന്നും കര്‍ദിനാള്‍ പ്രതികരിച്ചു.