ഗോഹട്ടി: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ 20 ലക്ഷം രൂപ വിലയുള്ള ആഡംബരവാച്ച് മോഷ്ടിച്ച് ഇന്ത്യയിലേക്കു കടന്നയാൾ ആസാമിൽ പിടിയിലായി.
ആസാം ശിവസാഗർ സ്വദേശി വാസിദ് ഹുസൈനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നു വിലകൂടിയ ഹുബ്ലോ വാച്ച് കണ്ടെടുത്തു.
ദുബായ് പോലീസുമായി സഹകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് ആസാം മുഖ്യമന്ത്രിയും പോലീസും അറിയിച്ചു.
മാറഡോണയുടെ ഒപ്പ് രേഖപ്പെടുത്തി, അദ്ദേഹം ഉപയോഗിച്ചിരുന്ന ഹുബ്ലോ കന്പനിയുടെ ലിമിറ്റഡ് എഡിഷൻ വാച്ചാണ് വാസിദ് ഹുസൈൻ മോഷ്ടിച്ചത്.
ദുബായിൽ മാറഡോണയുടെ വസ്തുവകകളും മറ്റും സൂക്ഷിച്ചിരുന്ന കന്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി.
ദുബായിൽ വരുന്ന പതിവുണ്ടായിരുന്ന മാറഡോണയുടെ വസ്തുവകകൾ ഇവിടത്തെ സേഫിലാണ് സൂക്ഷിച്ചിരുന്നത്. സേഫ് അടക്കമാണ് വാസിദ് മോഷ്ടിച്ചത്.
തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ വാച്ചുമായി നാട്ടിലെത്തുകയായിരുന്നു. ദുബായ് പോലീസ് ഇന്ത്യയിലെ കേന്ദ്ര ഏജൻസികൾക്കു നൽകിയ വിവരത്തെത്തുടർന്നാണ് പ്രതി ആസാമിലുണ്ടെന്നു വ്യക്തമായത്.
ഇന്നലെ വൈകിട്ടോടെ വാസിദിന്റെ ശിവസാഗറിലെ ഭാര്യവീട്ടിലെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു.