തലശേരി: യുവാവിനെ തട്ടിക്കൊണ്ടു പോയി രണ്ട് ദിവസം ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അക്രമി സംഘത്തിന്റെ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.
ധർമടം മീത്തലെ പീടിക വലിയകത്ത് മൻസിലിൽ ജംഷീറി (33) നെയാണ് ടൗൺ സി ഐ ജി. ഗോപകുമാർ, എസ്ഐ എ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തലശേരി ജെ. ടി റോഡിലെ സാറാസ് മൻസിലിൽ മുഹമ്മദ് ആസിഫി (27) നെയാണ് പതിനൊന്ന സംഘം തട്ടിക്കൊണ്ടു പോയത്.
27 ന് മട്ടന്നൂരിലേക്ക് വിളിച്ചു വരുത്തിയ സംഘം ആസിഫിനെ തട്ടിക്കൊണ്ട് പോയി മട്ടന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലെ ലോഡ്ജുളിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.ഭർത്താവിനെ കാണാതായതിനെ തുടർന്ന് ആസിഫിന്റെ ഭാര്യ തലശേരി സിഐക്ക് പരാതി നൽകുകയായിരുന്നു.
തുടർന്ന് പോലീസ് അന്വഷണമാരംഭിച്ചതോടെ ആസിഫിനെ അക്രമി സംഘം കാറിൽ തലശേരി പോലീസ് സ്റ്റേഷനു മുന്നിൽ ഇറക്കിയ ശേഷം കടന്നു കളയുകയായിരുന്നു.ദേഹമാസകലം പരിക്കുകളോടെ സ്റ്റേഷനിലെത്തിയ ആസിഫിനെ സി ഐ ഗോപകുമാർ ഉടൻ ആശുപത്രിയിലെത്തിച്ചു.
ഇതിനിടയിൽ ആസിഫിനെ സ്റ്റേഷനു മുന്നിൽ ഇറക്കി രക്ഷപെടാൻ ശ്രമിച്ച സംഘത്തിലെ അംഗമായ ജംഷീറിനെ പോലീസ് ആസൂത്രിത നീക്കത്തിലൂടെ വലയിലാക്കുകയായിരുന്നു.
ആസിഫിനെ തലശേരിയിലെത്തിച്ച സ്റ്റിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തീക ഇടപാടാണ് തട്ടിക്കൊണ്ട് പോകലിനു പിന്നിലെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിലെ മറ്റു പ്രതികൾക്കായി പോലീസ് അന്വഷണം ഊർജിതമാക്കി.