ഗോഹട്ടി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ആശുപത്രികളിൽ രോഗികൾ തിങ്ങിനിറഞ്ഞിരുന്നു. അതിനാൽ മതിയായ ചികിത്സ ലഭിക്കാതെ നിരവധി പേർ മരണത്തിന് കീഴടങ്ങിയിരുന്നു. ഇത് ബന്ധുക്കളെ പ്രകോപിപ്പിക്കുകയും ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുന്നതിലേക്കുവരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
ആസാമിലെ ഹൊജായിൽ അത്തരമൊരു സംഭവം നടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉദാലി മോഡൽ ആശുപത്രിയിൽ കോവിഡ് രോഗി മരണത്തിന് കീഴടങ്ങിയതിൽ അക്രമാസക്തരായ ബന്ധുക്കൾ ഡോക്ടറെ വളഞ്ഞിട്ട് ആക്രമിച്ചു. അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പിപാൽ പുഖുരി ഗ്രാമവാസിയായ ഗിയാസ് ഉദ്ദിൻ എന്നയാൾ കോവിഡുമായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം മരിച്ചു. ഓക്സിജൻ കിട്ടാതെയാണ് രോഗി മരിച്ചതെന്ന് ആരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. സ്യൂജ് കുമാർ സേനാപതി ബന്ധുക്കൾ മർദിക്കുകയായിരുന്നു.
ഡോക്ടറെ കൂട്ടത്തോടെയെത്തിയ ബന്ധുക്കൾ നിലത്തിട്ട് ചവിട്ടിക്കൂട്ടി. ലോഹപാത്രം ഉപയോഗിച്ച് തലയ്ക്ക് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗുരുതരമായി പരിക്കേറ്റ ഡോ. സേനപതിയെ ഉടൻ നാഗാവിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
“രോഗിയുടെ നില ഗുരുതരമാണെന്നും രാവിലെ മുതൽ മൂത്രം പോകുന്നില്ലെന്നും രോഗിയുടെ ഒപ്പം നിന്നിരുന്ന ആൾ വന്നു പറഞ്ഞു. ഞാൻ മുറിയിൽ എത്തിയപ്പോൾ രോഗി മരിച്ചതായി കണ്ടെത്തി. മരണ വിവരം അറിയിച്ചപ്പോൾ ബന്ധുക്കൾ അക്രമാസക്തരായി. എന്നെ ഒരു മുറിയിൽ പൂട്ടിയിട്ട് വളഞ്ഞിട്ട് ആക്രമിച്ചു.’- സേനപതി പറഞ്ഞു.
“രോഗിയുടെ മരണത്തിൽ പ്രകോപിതരായ ബന്ധുക്കൾ ആക്രമണം അഴിച്ചുവിട്ടപ്പോൾ സുരക്ഷയ്ക്കായി ആശുപത്രി ജീവനക്കാരെല്ലാം ഓടി. ഒരു മുറിയിൽ ഒളിച്ചിരുന്ന തന്നെ അവർ കണ്ടെത്തുകയും മർദിക്കുകയുമായിരുന്നു.
സ്വർണാഭരങ്ങളും മൊബൈലും അവർ തട്ടിയെടുത്തു. മുപ്പതോളം വരുന്ന സംഘം ആശുപത്രി അവർ കൊള്ളയടിച്ചെന്നും സേനപതി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളടക്കം 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു രാത്രി നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ.ജെ.ജയലാൽ അപലപിച്ചു.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആസാം മെഡിക്കൽ സർവീസസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവാദികളെ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പോലീസിന് നിർദേശം നൽകിയിരുന്നു.
https://twitter.com/debnath_aryan/status/1399731481316974592